Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടാനകളുടെ ഡിഎൻഎ ഡേറ്റ ബേസ് തയാർ

elephant-1

തിരുവനന്തപുരം∙ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ നാട്ടാനയുടെയും അനന്യതയും സവിശേഷതയും തിരിച്ചറിയാനും കൃത്യതയോടെ സൂക്ഷിക്കാനും ഉപകരിക്കുന്ന ഡിഎൻഎ ഡേറ്റ ബേസ് തയാറായി. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെ വനം വകുപ്പാണു രാജ്യത്തിനു തന്നെ മാതൃകയായ പദ്ധതി വിജയപഥത്തിൽ എത്തിച്ചത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ നാട്ടാനകളുടെയും ‘ഡിഎൻഎ പ്രൊഫൈലിങ്’ നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി.

വനം വകുപ്പ്് ശേഖരിച്ചു നൽകിയ നാട്ടാനകളുടെ രക്തസാംപിളുകളിൽ നിന്നു മൈക്രോ സാറ്റലൈറ്റ്് മാർക്കേഴ്സ് സങ്കേതങ്ങൾ ഉപയോഗിച്ചാണ് ഓരോ ആനയുടെയും ഡിഎൻഎ ഫിംഗർപ്രിന്റ് തയാറാക്കിയത്. സംസ്ഥാനത്തെ 519 നാട്ടാനകളുടെ സമ്പൂർണ വിവരങ്ങളാണ് ഇപ്പോൾ ഡേറ്റാ ബേസിലുള്ളത്. ലഭ്യമായ വിവരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രത്യേക മൊബൈൽ ആപ് നിർമിക്കാനുള്ള തയാറെടുപ്പിലാണു വനം വകുപ്പ്്. ആന ഉടമസ്ഥർക്കു നൽകുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനോടൊപ്പം ഇനി ഡിഎൻഎ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ക്യുആർ കോഡ് സഹിതമുള്ള തിരിച്ചറിയൽ കാർഡും വകുപ്പ്് നൽകും.

ആനയുടെ സവിശേഷതയും ഉടമസ്ഥാവകാശവും സംബന്ധിച്ചു തർക്കങ്ങളോ പരാതികളോ ഉയർന്നാൽ കൃത്യവും സൂക്ഷ്്മവും സുതാര്യവുമായ തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളാൻ ഡേറ്റാ ബേസ് സഹായിക്കും. പദ്ധതിയുടെ പ്രോജക്‌ട് റിപ്പോർട്ടും ഡിഎൻഎ ഫിംഗർ പ്രിന്റ് വിശദാംശങ്ങളും രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രഫ. എം. രാധാകൃഷ്്ണ പിള്ള മുഖ്യവനം മേധാവിയും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ പി.കെ. കേശവനു കൈമാറി. നാട്ടാനകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകളും പ്രകാശനം ചെയ്തു.