Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടാനകളുടെ എണ്ണത്തിൽ നെറ്റിപ്പട്ടം കെട്ടി തൃശൂർ; ആനച്ചൂരില്ലാതെ കാസർകോട്

Elephant പൂരം എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്ന ആനകൾ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ വനംവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു നടന്ന നാട്ടാന സെൻസസിൽ 520-ഓളം ആനകളുടെ വിവരശേഖരണം നടത്തി. ആനകളുടേയും ഉടമസ്ഥരുടേയും പാപ്പാൻമാരുടേയും പേരുവിവരങ്ങൾ, ആനകളെ തിരിച്ചറിയാനുള്ള മൈക്രോചിപ്പ് വിവരങ്ങൾ, ആനകളുടെ ഡിഎൻഎ പ്രൊഫൈൽ സഹിതമുള്ള വിശദാംശങ്ങളാണു ശേഖരിച്ചത്.

ആനകളുടെ ഉയരം,  നീളം, തുമ്പിക്കൈ, കൊമ്പ്, വാൽ എന്നിവയുടെ അളവ്, ചിത്രങ്ങൾ എന്നിവയെല്ലാം വിവരശേഖരത്തിൽ ഉൾപ്പെടും. ഏറ്റവും കൂടുതൽ ആനകളുണ്ടായിരുന്ന ജില്ല തൃശൂരും കുറവ് കണ്ണൂരുമാണ്. 145 ആനകളുടെ വിവരങ്ങൾ തൃശൂരിൽനിന്നു ലഭിച്ചപ്പോൾ 3 ആനകളുടെ വിശദാംശങ്ങളാണg കണ്ണൂരിൽനിന്നു കിട്ടിയത്. കാസർകോടാണു നാട്ടാനകളില്ലാത്ത ഏക ജില്ല.

എല്ലാ ജില്ലകളിലേയും സാമൂഹ്യ വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർമാരുടെ നേതൃത്വത്തിൽ ആനകളുടെ എണ്ണത്തിന് ആനുപാതികമായി സ്ക്വാഡുകൾ രൂപീകരിച്ചാണു സെൻസസ് നടപടികൾ പൂർത്തിയാക്കിയത്. ഓൺലൈൻ സംവിധാനത്തിലൂടെയാണു വിവരങ്ങൾ സമാഹരിച്ചത്. ഒറ്റദിവസം കൊണ്ടു പൂർത്തിയാക്കി എന്ന പ്രത്യേകതയും ഈ സെൻസസിനുണ്ട്.

സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങൾ സമർപ്പിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണു കണക്കെടുത്തത്. ഡിസംബർ 31 നുള്ളിൽ സെൻസസ് റിപ്പോർട്ട് സുപ്രീംകോടതിൽ സമർപ്പിക്കുമെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ പി.കെ.കേശവൻ അറിയിച്ചു.