ഫെയ്സ്ബുക്കിലൂടെ അപകീർത്തി: നടി കാവ്യ മാധവന്റെ പരാതിയിൽ കേസെടുത്തു

കൊച്ചി ∙ ഫെയ്സ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചു നടി കാവ്യ മാധവൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കളമശേരി സിഐ എസ്. ജയകൃഷ്ണനെ അന്വേഷണച്ചുമതലയേൽപിച്ചതായി കൊച്ചി റേഞ്ച് ഐജി എസ്. ശ്രീജിത് അറിയിച്ചു.

ഓൺലൈൻ വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചെന്നാരോപിച്ചു കഴിഞ്ഞ ദിവസമാണു കാവ്യ ഐജിക്കു നേരിട്ടു പരാതി നൽകിയത്.

വ്യക്തിജീവിതത്തെയും ബിസിനസ് ജീവിതത്തെയും മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചുവെന്നു പരാതിയിലുണ്ട്. വനിതാ സിഐ കാവ്യയുടെ വീട്ടിലെത്തി പരാതിയുടെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ഇതിനു ശേഷമാണ് അന്വേഷണം കളമശേരി സിഐ ക്കു കൈമാറിയത്.

സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നതിനെതിരെ കാവ്യ മുൻപും പരാതിപ്പെട്ടിരുന്നു. കാവ്യയുടെ പേരിൽ വ്യാജ ഫെയ്സ്ബുക് പേജ് തയാറാക്കി പ്രചാരണം നടത്തിയ കേസിൽ മാസങ്ങൾക്കു മുൻപാണു രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.