Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിലെ ചീത്തവിളി മനസ്സിലാകാതെ ഫെയ്സ്ബുക്; വഴിമുട്ടി സൈബർ സെൽ

എ.എസ്.ഉല്ലാസ്
Facebook logo

പത്തനംതിട്ട∙ മലയാളിയുടെ അസഭ്യവാക്കും തെറിയുമൊന്നും മനസ്സിലാകാതെ ഫെയ്സ്ബുക്. സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കലിന് ഇൗ വർഷം ഇതുവരെ 600 പരാതികളാണ് പൊലീസ് ഹൈടെക് സെൽ അന്വേഷിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ അപമാനിച്ചെന്നാണ് ഇതിൽ ഭൂരിഭാഗവും. ഇതെല്ലാം ഫെയ്സ്ബുക് അധികൃതരെ പറഞ്ഞു മനസ്സിലാക്കിക്കുന്നതാണു ഹൈടെക് സെല്ലിന്റെ തലവേദന.

മലയാളി വിളിക്കുന്ന ഇംഗ്ലിഷ് അപമാനവാക്ക് ഫെയ്സ്ബുക്കിനു ചെറിയ സംഭവങ്ങളാണ്. മലയാളത്തിലുള്ള അസഭ്യവാക്കുകൾ മാറ്റിതയാറാക്കി അതിന്റെ ഫെയ്സ്ബുക് പേജു സഹിതമാണു സൈബർസെൽ ഫെയ്സ്ബുക്കിനു നോട്ടിസ് നൽകുന്നത്. മിക്കപ്പോഴും കുറ്റമൊന്നും കാണാതെ ഫെയ്സ്ബുക്കിന്റെ അന്വേഷണവിഭാഗം തിരിച്ചുവിടുകയാണു പതിവെന്നു ഹൈടെക്സെൽ ഉദ്യോഗസ്ഥർ പറയുന്നു.

മാത്രമല്ല, യുഎസ് നിയമപ്രകാരം പൗരന്റെ അഭിപ്രായ സ്വതന്ത്ര്യത്തിനു മുന്തിയ പരിഗണന നൽകുന്നതിനാൽ സാമൂഹികമാധ്യമങ്ങൾക്കു പ്രത്യേക സ്ഥാനവുമുണ്ട്. അതുവഴിയുള്ള പ്രതികരണങ്ങൾക്കു നിയമപരമായി യുഎസ് നടപടികളിലേക്കു കടക്കുകയും പതിവില്ലത്രെ. രാജ്യസുരക്ഷ, മയക്കുമരുന്നു വ്യാപാരം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മാത്രമാണു സാമൂഹികമാധ്യമങ്ങളിൽ യുഎസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളൂ.

കേരളത്തിലെ ഭൂരിഭാഗം പരാതികളും സ്ത്രീത്വത്തെ അപമാനിക്കൽ എന്ന വിഭാഗത്തിലാണ്. കേസെടുത്താലും വിവരങ്ങളെല്ലാം എഴുതി വരുമ്പോൾ പരാതിയുടെ ഗൗരവം നോക്കിയാണു ഫെയ്സ്ബുക് പ്രതികരിക്കുക. അപമാനിച്ച് പോസ്റ്റിടുന്നയാളുടെ ഐപി വിലാസവും ഐഡിയും പോസ്റ്റിട്ട കംപ്യൂട്ടറും മറ്റും കണ്ടെത്തണമെങ്കിൽ ഫെയ്സ്ബുക്കിന്റെ സഹായം വേണം. സഹായിച്ചാൽ തന്നെ പ്രതി ‘വ്യാജ പ്രൊഫൈൽ ’ ആകുന്നതോടെ അന്വേഷണം വഴിമുട്ടും. ആരുടെയെങ്കിലും ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈൽ ഉണ്ടാക്കി അതിലൂടെയാണ് ഇൗ അപമാനിക്കലിനു തുനിയുന്നതെന്നതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കു ഫെയ്സ്ബുക് താൽപര്യത്തോടെ പ്രതികരിക്കാറില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഇന്ത്യയ്ക്കു പുറത്തുനിന്നാണു പോസ്റ്റിട്ടതെങ്കിൽ ഫെയ്സ്ബുക് കയ്യൊഴിയുകയാണു പതിവ്. ഗൾഫ് രാജ്യങ്ങളിൽനിന്ന് മലയാളി തന്നെ കേരളത്തിലെ മലയാളിയെ അപമാനിക്കൽ നടത്തിയാലും ആ രാജ്യങ്ങളുമായി നിയമപരമായ സൗഹൃദമില്ലെന്ന മട്ടിൽ ഫെയ്സ്ബുക് കയ്യൊഴിയും. ഇന്ത്യയ്ക്ക് ആ രാജ്യവുമായി സഹകരണമുണ്ടെങ്കിൽ അതിന്റെ രേഖകൾ ആ രാജ്യവുമായി കൈമാറിയാൽ മാത്രമേ ഫെയ്സ്ബുക് എന്തെങ്കിലും നടപടിക്ക് തുനിയൂ.

ആ രാജ്യത്തിൽനിന്നും പ്രതിയുടെ ഐപി വിലാസം കണ്ടെത്തുന്നതു തടസമാണെന്ന വാദമാണു മറുപടിയിൽ ഫെയ്സ്ബുക് വ്യക്തമാക്കുക. മിക്കവാറും ഇത്തരം പരാതികൾ ഇൗ നടപടിക്രമങ്ങളിൽപെട്ടുപോകുകയാണു ചെയ്യുന്നതെന്നും ഹൈടെക് സെൽ ചുമതലയുള്ള ഇൻസ്പെക്ടർ സ്റ്റാർമോൻപിള്ള പറയുന്നു. അപമാനിക്കപ്പെട്ട സ്ത്രീ ആത്മഹത്യയുടെ വക്കിലാണെന്നൊക്കെ ചേർത്ത് എഴുതിയറിക്കുമ്പോഴാണു ഫെയ്സ്ബുക് അൽപമെങ്കിലും കനിയുക.

ട്രോളുകളിലും വലിയ നിയമനടപടിക്കു ഹൈടെക് സെൽ ബുദ്ധിമുട്ടുകയാണ്. സിനിമാരംഗവും ഡയലോഗും പ്രയോഗിച്ചുള്ള ട്രോളുകൾക്ക് നേരിട്ട് അപമാനിക്കൽ പറഞ്ഞു കേസെടുക്കാനും പറ്റുന്നില്ല. അഥവാ കേസ് തട്ടിക്കൂട്ടിയാലും കേസ് കോടതിയിൽ നിൽക്കുകയുമില്ല. ഇത്തരത്തിൽ അപമാനിക്കൽ പരാതികളിൽ വ്യാജ പ്രൊഫൈൽ അല്ലെങ്കിൽ കേസെടുത്തു ചോദ്യം ചെയ്യാമെങ്കിലും ശിക്ഷാ നടപടികളിലേക്കു പോകുക അത്ര എളുപ്പമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

മുൻപ് ഫോൺനമ്പർ തെളിയാതെ ഇന്റർനെറ്റ് കോളിൽ നിന്നുള്ള ശല്യമുണ്ടായപ്പോൾ ഉറവിടം കണ്ടെത്താനാകാതെ അന്വേഷണം വഴിമുട്ടിയിരുന്നു. ഇന്റർനെറ്റിൽ വ്യാജ ഐപി വിലാസം ഉപയോഗിച്ചു ഫെയ്സ്ബുക്കിലൂടെയും മറ്റും സൈബർ ആക്രമണം നടത്തുന്ന ഐപി സ്പൂഫീങ് രീതിയാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും ഹൈടെക് സെൽ വ്യക്തമാക്കുന്നു.