ശിവസേനയുടെ അക്രമം: പൊലീസിനെ വിമർശിച്ച് കോടിയേരി

മട്ടാഞ്ചേരി ∙ പൊലീസിന്റെ കയ്യിൽ ലാത്തി കൊടുത്തിരിക്കുന്നത് അത് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മറൈൻഡ്രൈവ് നടപ്പാതയിൽ പെൺകുട്ടികൾ അടക്കമുള്ളവരെ ശിവസേന പ്രവർത്തകർ അടിച്ചോടിച്ച സംഭവത്തെ പരാമർശിക്കുകയിരുന്നു അദ്ദേഹം. ക്രമസമാധാന പ്രശ്നം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഇടപെടേണ്ട സമയത്ത് പൊലീസ് ഇടപെടണം.

ലാത്തിയുമായി കുറെ ആളുകൾ വന്ന് സദാചാര ഗുണ്ടായിസം നടത്തിയാൽ പൊലീസ് നോക്കിനിൽക്കരുത്. സ്ത്രീകൾക്കു നേരെ ഭീഷണി ഉയർത്തുന്ന സംഘത്തെ നേരിടാതെ മാറി നിന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലുണ്ടായ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

പിഞ്ചു കുഞ്ഞുങ്ങൾക്കെതിരെ വരെ അക്രമം നടത്തുന്നവരെ വെറുതെ വിടില്ല. കൊട്ടിയൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച വൈദികനെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ നിന്നാണു പൊലീസ് പൊക്കിയത്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ എല്ലാ നടപടിയുമെടുക്കും– കോടിയേരി പറഞ്ഞു.