രാഷ്ട്രീയ അക്രമങ്ങളിൽ നഷ്ടപരിഹാരം ഈടാക്കി നൽകണം: സുധീരൻ

പാലക്കാട്∙ രാഷ്ട്രീയ അക്രമങ്ങളിൽ സ്വത്തു നഷ്ടപ്പെടുന്നവർക്കും ജീവാപായം ഉണ്ടാകുന്നവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം നൽകാൻ നിയമനിർമാണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ.

നഷ്ടപരിഹാരത്തിനുള്ള തുക അക്രമത്തിന് ഉത്തരവാദികളായ വ്യക്തികളിൽ നിന്നോ സംഘടനകളിൽ നിന്നോ ഈടാക്കി നൽകണമെന്നും സുധീരൻ ആവശ്യപ്പെട്ടു. സിപിഎം, ബിജെപി സംഘർഷം നടന്ന കഞ്ചിക്കോട് മേഖലകൾ സന്ദർശിച്ച ശേഷം ഡിസിസി സംഘടിപ്പിച്ച സമാധാന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, പാലക്കാട് നഗരത്തിൽ കല്ലേറുണ്ടായ ബിജെപി, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസുകളും സുധീരൻ സന്ദർശിച്ചു. കല്ലേറിലുണ്ടായ നാശനഷ്ടം സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ വിവരിച്ചു.

യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും സിപിഎം അനുകൂല പൊലീസ് അസോസിയേഷൻ നേതാവാണ് ജില്ലയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ബിജെപി ജില്ലാ ഓഫിസിലെ സന്ദർശനത്തിനിടെ ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് സുധീരനോടു പറഞ്ഞു.