പറയേണ്ടതു പറഞ്ഞില്ല; യുഡിഎഫ് ഇങ്ങനെയായി: ശങ്കരനാരായണൻ

കെഎസ്ടിയു സംസ്ഥാന സമ്പൂർണ സമ്മേളനം മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യുന്നു

മണ്ണാർക്കാട്∙പറയേണ്ടതു പറയേണ്ട സമയത്തു പറയേണ്ടവരോടു പറഞ്ഞിരുന്നെങ്കിൽ യുഡിഎഫിന് ഇന്നത്തെ ഗതി വരുമായിരുന്നില്ലെന്നു മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ. കെഎസ്ടിയു സംസ്ഥാന സമ്പൂർണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണു യുഡിഎഫിലെ ചില ഘടകകക്ഷികളുമായുണ്ടായ പ്രശ്നങ്ങളെ പേരെടുത്തു പറയാതെ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആരുടെയും മുഖം കറുക്കരുതെന്നു കരുതി പറയേണ്ടതു പറയാതിരുന്നതു കാരണം മുന്നണിക്കു മുഖം തന്നെ നഷ്ടമായ സ്ഥിതിയാണ്. യുഡിഎഫിനെ ശക്തിപ്പെടുത്താൻ കഴിയുന്ന നേതാക്കൾ ഇപ്പോഴുമുണ്ട്. മുൻ നിരയിലേക്കു വരാൻ താൻ ത‌യാറാണെന്നും യുഡിഎഫ് മുൻ കൺവീനർ കൂടിയായ ശങ്കരനാരായണൻ പറഞ്ഞു.

ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കേരളത്തിൽ ‌വൻ തിരിച്ചുവരവിനു യുഡിഎഫിനു കഴിയും. ഇപ്പോഴുള്ള സ്ഥിതിയിൽ നിന്നു യുഡിഎഫ് മാറണം. കോൺഗ്രസും മുസ്‌ലിം ലീഗും മുൻകൈ എടുത്തു കൂടിയാലോചനകൾ നടത്തണം. എല്ലാവരെയും വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനമാണു വേണ്ടത്. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നേതാക്കൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.