കെപിസിസി നേതൃത്വം: ഉമ്മൻചാണ്ടി–ചെന്നിത്തല രണ്ടാംവട്ട ചർച്ചയിലും തീരുമാനങ്ങളില്ല

തിരുവനന്തപുരം∙ പുതിയ കെപിസിസി പ്രസിഡന്റിനെക്കുറിച്ചുള്ള ഉമ്മൻചാണ്ടി–രമേശ് ചെന്നിത്തല രണ്ടാംവട്ട ചർച്ചയിലും തീരുമാനങ്ങളൊന്നും ഉരുത്തിരിഞ്ഞില്ല. ഹൈക്കമാൻഡിൽ നിന്നു സന്ദേശമൊന്നും ഇല്ലാത്തതിനാൽ എങ്ങനെ നീങ്ങണമെന്ന കാര്യത്തിൽ ഇരുനേതാക്കളും എ–ഐ വിഭാഗങ്ങളും ആശയക്കുഴപ്പത്തിലാണ്. അമേരിക്കയിൽ ചികിത്സയിലുള്ള കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അടുത്തേക്കു രാഹുൽഗാന്ധി തിരിച്ചതിനാൽ തീരുമാനം നീളുമെന്ന് ഏതാണ്ട് ഉറപ്പായി.

ആർക്കെങ്കിലും ചുമതല കൊടുക്കാനുള്ള തീരുമാനവും രാഹുലിന്റെ യാത്രയ്ക്കു മുമ്പ് ഉണ്ടായില്ല. 22നു മാത്രമേ രാഹുൽ തിരിച്ചെത്താൻ സാധ്യതയുള്ളൂ. ചുമതല നൽകാനാണു തീരുമാനമെങ്കിൽ അത് എയിലെ എം.എം.ഹസനു നൽകണമെന്ന അഭിപ്രായം ഉമ്മൻചാണ്ടിയും രമേശും തമ്മിൽ ഇന്നലെ നടന്ന കൂടിക്കാഴ്ചയിലും ഉണ്ടായി. ഡൽഹിക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമെന്നിരിക്കെ, എന്തുവേണമെന്ന തീരുമാനം അവിടെ എടുക്കുന്നില്ലല്ലോ എന്ന പരിദേവനമാണ് ഇവിടെ ഉയരുന്നത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പു മുന്നിൽ നിൽക്കെ, മുന്നണിയെ നയിക്കുന്ന കക്ഷിക്കു നാഥനില്ലെന്ന വിമർശനം രാഷ്ട്രീയ എതിരാളികളും ഉയർത്തുമെന്നു കോൺഗ്രസ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനാണ് എന്നതിനാൽ, കെപിസിസി പ്രസിഡന്റ് പദം എയ്ക്കു തന്നെ വേണം എന്നതിൽ വിട്ടുവീഴ്ച്ചയില്ലെന്നാണ് ആ വിഭാഗത്തിലെ നേതാക്കൾ പറയുന്നത്.

എന്നാൽ, താൻ ആ പദവിയിലേക്കില്ലെന്നു ചെന്നിത്തലയോട് ഉമ്മൻചാണ്ടി ആവർത്തിച്ചതായാണു വിവരം. എയുടെ വികാരം തങ്ങളുടെ കൂടെയുള്ളവരെ അറിയിച്ചു മറുപടി നൽകാമെന്നാണു ചെന്നിത്തല വ്യക്തമാക്കിയത്.