ലോ അക്കാദമി ഭൂമി: അന്വേഷണമില്ലെങ്കിൽ കോടതിയിൽ പോകുമെന്നു വിഎസ്

തിരുവനന്തപുരം∙ ലോ അക്കാദമി ഭൂമി ഇടപാടിൽ മതിയായ അന്വേഷണം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. ഗൾഫ് സന്ദർശനം നടത്തുന്ന വിഎസ്, അവിടെ ചാനൽ അഭിമുഖത്തിലാണു വീണ്ടും പാർട്ടിയെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്ന പ്രതികരണത്തിനു മുതിർന്നത്.

ഈ വിഷയത്തിൽ റവന്യു മന്ത്രിക്കു താൻ രണ്ടു കത്ത് നൽകിയിട്ടുണ്ടെന്നു വിഎസ് പറഞ്ഞു. സർക്കാർ ഭൂമി ആരു കയ്യടക്കിയാലും അതു തിരിച്ചെടുക്കണം. അതു സർക്കാരിന്റെ പ്രാഥമിക ചുമതലയാണ്. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും വിഎസ് കുറ്റപ്പെടുത്തി.