അഴിമതിക്കേസുകളിൽ അന്വേഷണം ഊർജിതമാക്കണം: വിഎസ്

തിരുവനന്തപുരം ∙ അഴിമതിക്കേസുകളിൽ അന്വേഷണം ഊർജിതപ്പെടുത്തണമെന്നു ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. പ്രത്യേക വിദഗ്ധ സംഘത്തെ ഇതിനായി നിയോഗിക്കാൻ വിജിലൻസ് ഡയറക്ടർ മുൻകൈ എടുക്കണം. സർക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാൻ ഇത് അനിവാര്യമാണെന്നു വിഎസ് പറഞ്ഞു.

പാറ്റൂർ, ടൈറ്റാനിയം അഴിമതിക്കേസുകളിലും മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിലും ബാർ കോഴക്കേസിലും നടത്തുന്ന അന്വേഷണമാണ് ഊർജിതപ്പെടുത്തേണ്ടത്. പ്രതികളുടെ ഉന്നത സ്വാധീനം നിമിത്തം കേസ് അട്ടിമറിക്കപ്പെടുകയാണ് എന്ന സംശയം നിലനിൽക്കുന്നു. പല ഉദ്യോഗസ്ഥർക്കുമെതിരായ ത്വരിതപരിശോധന പോലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കുന്ന വിജിലൻസ്, സ്ത്രീകളടക്കമുള്ളവരെ വഴിയാധാരമാക്കിയവർക്കെതിരെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാത്തതു ദുരൂഹമാണെന്നും വിഎസ് പറഞ്ഞു.