Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെറിൻ: പൊലിഞ്ഞത് വിധിയോടു പൊരുതി നേടിയ ജീവിതം

ആലുവ ∙ ജെറിൻ മൈക്കിളിന്റെ മരണത്തോടെ എടത്തല കൈലാസ് കോളനിയിലെ കൊച്ചുകൂരയിൽ അമ്മൂമ്മ എലിസബത്ത് മൈക്കിൾ ഒറ്റയ്ക്കായി. വയോധികയായ ഇവരുടെ ജീവിതത്തിലെ ഏക പ്രതീക്ഷ ജെറിനായിരുന്നു.

ജെറിന് ഈ ലോകത്തിലെ ഏക ബന്ധു അമ്മൂമ്മയും. എലിസബത്തിന്റെ മകളുടെ മകനാണ് ജെറിൻ. നന്നേ ചെറുപ്പത്തിൽ അമ്മ മരിച്ചു. പിതാവ് മറ്റൊരു വിവാഹം കഴിച്ചു പോയതോടെ ജെറിനും അമ്മൂമ്മയും തനിച്ചായി. കൂനമ്മാവിലെ അനാഥാലയത്തിൽ വളർന്ന ജെറിൻ പഠിക്കാൻ മിടുക്കനായിരുന്നു.

എസ്എസ്എൽസി പരീക്ഷയിൽ സ്കൂളിൽ ഇംഗ്ലിഷിന് ഏറ്റവുമധികം മാർക്കു നേടിയതു ജെറിനാണെന്ന് അന്നവിടെ ഉണ്ടായിരുന്ന, എട്ടേക്കർ പള്ളി സഹവികാരി ഫാ. റെക്സ് ജോസഫ് ഓർക്കുന്നു. പ്ലസ് ടുവിനു ശേഷം കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ സൗണ്ട് എൻജിനീയറിങ് ഡിപ്ലോമയ്ക്കു പഠിക്കുകയായിരുന്നു ജെറിൻ.

സാമ്പത്തിക പ്രയാസം മൂലം പഠനത്തിനു പണം കണ്ടെത്താൻ മറ്റു ജോലികളും ചെയ്തിരുന്നു. സർക്കാർ നൽകുന്ന വാർധക്യ പെൻഷനാണ് അമ്മൂമ്മ എലിസബത്തിന്റെ ഏക വരുമാനം. ജെറിന്റെ മരണത്തെ തുടർന്ന് അടിയന്തര സഹായധനമായി കലക്ടറുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 10,000 രൂപ വാർഡ് അംഗം കെ.എസ്. സെറീനയും റവന്യു ഉദ്യോഗസ്ഥരും എലിസബത്തിനു കൈമാറി.

കളമശേരി മെഡിക്കൽ കോളജ് അധികൃതരുടെ അലംഭാവമാണ് ജെറിന്റെ മരണത്തിന് ഇടയാക്കിയതെന്നു സെറീന ആരോപിച്ചു. രാവിലെ ആശുപത്രിയിൽ എത്തിയ ജെറിനോടു സ്കാൻ ചെയ്യണമെന്നു പറഞ്ഞതു വൈകിട്ടു നാലിനാണ്. അപ്പോഴേക്കും സ്കാനിങ് സെന്റർ അടച്ചുപോയിരുന്നുവെന്ന് അവർ പറഞ്ഞു.

related stories
Your Rating: