Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയറുവേദനയുമായി മെഡിക്കൽ കോളജിൽ എത്തിയ യുവാവ് ചികിൽസ കിട്ടാതെ മരിച്ചു

jerin മരിച്ച ജെറിൻ മൈക്കി‍ൾ.

കളമശേരി ∙ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിൽസ തേടിയെത്തിയ യുവാവ് മരിച്ചു. പച്ചാളത്തെ ഗുഡ്നെസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷനിൽ സൗണ്ട് എൻജിനീയറിങ് വിദ്യാർഥിയായ എടത്തല കൈലാസ് കോളനി മുക്കോവംമുറി വീട്ടിൽ ജെറിൻ മൈക്കിൾ (25) ആണ് മരിച്ചത്.

ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയും വേണ്ട ചികിൽസ ലഭിക്കാത്തതുമാണ് മരണകാരണമെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. ജെറിന്റെ മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ശനിയാഴ്ച രാവിലെ 7.10 നാണ് കടുത്ത വയറുവേദനയുമായി ജെറിൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയത്. ‌ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ പുറമെ പോയി രക്ത പരിശോധന നടത്തിയ ശേഷം തിരികെയെത്തിയ ജെറിനെ ഒബ്സർവേഷൻ മുറിയിൽ കിടത്തി.

പിന്നീട് പന്ത്രണ്ടേകാലോടെ വാർഡിലേക്കു മാറ്റുകയുമായിരുന്നു. അപ്പെൻഡിസൈറ്റിസ് ആണെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ ഉടൻ നടത്തണമെങ്കിൽ വലിയ പണച്ചെലവാകുമെന്നും നാലുദിവസത്തിനു ശേഷമാണെങ്കിൽ സൗജന്യമായി ചെയ്യാമെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.

സർജറി ചെയ്യുന്ന ഡോക്ടർ ശനിയാഴ്ച സ്ഥലത്തില്ലാത്തതിനാൽ പുറമേ നിന്നു ഡോക്ടറുടെ സഹായം തേടേണ്ടിവരുമെന്നു പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. വാർഡിലേക്കു മാറ്റിയ ജെറിന് കുത്തിവയ്പെടുക്കുന്ന കാര്യത്തിലും വീഴ്ചയുണ്ടായി. ജെറിനൊപ്പമുണ്ടായിരുന്ന ബന്ധു ഇത് ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ക്ഷമാപണത്തോടെ നഴ്സ് കുത്തിവയ്പെടുത്തത്.

രാത്രി ഒൻപതരയോടെ മൂന്നു തവണ അപസ്മാര ലക്ഷണങ്ങൾ കാണിച്ചുവെങ്കിലും അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകിയില്ല. നാലാമതും അപസ്മാര ലക്ഷണം കാണിച്ച ജെറിന്റെ നില തീർത്തും വഷളായപ്പോഴാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ജെറിനെയുമെടുത്ത് ലിഫ്റ്റിനു മുന്നിലെത്തിയപ്പോൾ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ആളില്ലായിരുന്നു.

ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ പടവുകൾ എടുത്തു കയറ്റിയാണ് ജെറിനെ തീവ്ര പരിചരണ വിഭാഗത്തിലെത്തിച്ചത്. രാത്രി പതിനൊന്നേകാലോടെ അന്ത്യം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജെറിൻ മൈക്കിളിന്റെ മരണത്തിൽ ആരോപണ വിധേയരായ ഡോക്ടർമാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കലക്ടർ മുഹമ്മദ് സഫിറുല്ല ആവശ്യപ്പെട്ടു.

ഡോ. ഓമന മേനോൻ, ഡോ. രാജേഷ് എന്നിവർക്കാണ് നിർദേശം ലഭിച്ചത്. ജെറിന്റെ കുടുംബത്തിന് 10,000 രൂപയുടെ അടിയന്തര സഹായം അനുവദിക്കാൻ കലക്ടർ ഉത്തരവിട്ടു.

കൂടുതൽ സഹായം അനുവദിക്കുന്നതിനു സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും അറിയിച്ചു. ജെറിന്റെ ചികിൽസാ രേഖകളെല്ലാം പൊലീസ് പിടിച്ചെടുത്തു. എടത്തല പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തതായി സിഐ എസ്. ജയകൃഷ്ണൻ അറിയിച്ചു.

ഡിഎംഇ അന്വേഷിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം ∙ എറണാകുളം മെഡിക്കൽ കോളേജിൽ ജെറിൻ മൈക്കിൾ എന്ന രോഗി മരിച്ചത് ചികിൽസാ പിഴവിനെ തുടർന്നാണെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറെ (ഡിഎംഇ) ചുമതലപ്പെടുത്തിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.

സംഭവം അറിഞ്ഞയുടൻ ആശുപത്രി സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്താൻ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ആരോപണ വിധേയരായ രണ്ടു ഡോക്ടർമാരെ മാറ്റി നിർത്തിയാകും അന്വേഷണം– മന്ത്രി അറിയിച്ചു.

related stories
Your Rating: