മൂവാറ്റുപുഴ ∙ തൊട്ടിയാർ ജലവൈദ്യുതി പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം ഭൂവുടമകൾക്കു നൽകുന്നതിനു കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫിസർ, വില്ലേജ് അസിസ്റ്റന്റ്, എൽഡി ക്ലാർക്ക് എന്നിവർക്കു വിജിലൻസ് കോടതി മൂന്നു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ഇടുക്കി അടിമാലി മന്നാംകണ്ടം വില്ലേജ് ഓഫിസിലെ മുൻ വില്ലേജ് ഓഫിസർ ആർ. രാജേഷ്, മുൻ വില്ലേജ് അസിസ്റ്റന്റ് എൻ.കെ. അനിരുദ്ധൻ, ഇടുക്കി കലക്ടറേറ്റിലെ മുൻ എൽഡിസി ജോസി ജോസഫ് എന്നിവരെയാണു ശിക്ഷിച്ചത്.
തൊട്ടിയാർ ജലവൈദ്യുതി പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്കു നഷ്ടപരിഹാരം നൽകുന്നതിനു ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടെന്ന പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. 2009 ജൂലായ് 25ന് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
അടിമാലി ഇരുമ്പു പാലത്തിൽ എത്തിയ വില്ലേജ് അസിസ്റ്റന്റിനു രാസവസ്തു വിതറിയ നോട്ടുകൾ കൈമാറി വിജിലൻസ് പിടികൂടുകയായിരുന്നു. അന്നു തന്നെ രാത്രി അടിമാലിയിലെ ഹോട്ടലിലെത്തി പണം കൈപ്പറ്റുന്നതിനിടെയാണ് ഇടുക്കി കലക്ടറേറ്റിലെ എൽഡി ക്ലാർക്കായിരുന്ന ജോസി ജോസഫിനെ പിടികൂടിയത്.
കോട്ടയം വിജിലൻസ് കോടതിയിൽ നിന്ന് കേസ് പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു. അഴിമതി തടയൽ, അധികാര ദുർവിനിയോഗം തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണു ശിക്ഷ.