Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരം വെടിക്കെട്ട്: ഇന്ന് അനുമതി ലഭിക്കും

തൃശൂർ ∙ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസീവ്സ് ചീഫ് കൺട്രോളറുടെ അനുമതി ഇന്നു ലഭിക്കും. മന്ത്രി വി.എസ്.സുനിൽകുമാറും എക്സ്പ്ലോസീവ്സ് മന്ത്രാലയം ഉദ്യോഗസ്ഥരും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയിൽ അനുകൂല ധാരണയായെന്നാണ് സൂചന.

കുഴിമിന്നൽ, ഡൈന എന്നിവയുടെ നിരോധനം നീക്കാൻ ഇടയില്ലെങ്കിലും ഗുണ്ട്, അമിട്ട് എന്നിവ ഉൾപ്പെട്ട പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കും. പൂരം വെടിക്കെട്ടിനു നിയന്ത്രണമേർപ്പെടുത്താൻ ശിവകാശിയിലെ പടക്കലോബി വൻ സമ്മർദം ചെലുത്തുന്നതായി വിവരമുണ്ട്. കേരളത്തിലെ പരമ്പരാഗത വെടിക്കെട്ടു നിർമാണം ഇല്ലാതായ‍ാൽ മെച്ചം ശിവകാശിക്ക‍ാകുമെന്നതാണ് ഈ നീക്കത്തിനു പിന്നിലെ കാരണം. 

പൂരത്തിനു ഗുണ്ട്, ക‍ുഴിമിന്നൽ, അമിട്ട്, ഡൈന എന്നിവ പൊട്ടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നേരത്തെ യോഗം വിളിച്ചിരുന്നു. വെടിക്കോപ്പുകൾ കർശന പരിശോധനയ്ക്കു വിധേയമാക്കി നിരോധിത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പിച്ചശേഷം അനുമതി നൽകുന്ന കാര്യം പരിഗണിക്കാം എന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം.

ദേവസ്വങ്ങളും പൂരം സംഘാടകരും ഈ നിബന്ധന അംഗീകരിക്കുകയും ചെയ്തു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വെടിക്കോപ്പു സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. എന്നിട്ടും അനുകൂല തീരുമാനം വരാൻ വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

പെട്രോളിയം മന്ത്ര‍ാലയത്തിനു കീഴിലുള്ള നാഗ്പൂരിലെ ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സിന്റെ അനുമതി ഉത്തരവ് ഇന്നു വരും. നിരോധിക്കപ്പെട്ടവയിൽ ഗുണ്ടിനും അമിട്ട‍‍ിനും നിയന്ത്രണം നീക്കും. കുഴിമിന്നൽ, ഡൈന തുടങ്ങിയവ പൊട്ടിക്കാൻ അനുവദിച്ചേക്കില്ല. പൊട്ടിക്കുന്നവയുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും.

2000 കിലോ വീതം ഇരുവിഭാഗങ്ങൾക്കും പൊട്ടിക്കാമെന്ന് നിബന്ധന വയ്ക്കും. വെടിക്കോപ്പുകൾ കർശന പരിശോധനയ്ക്കു വ‍ിധേയമാക്കാൻ പ്രത്യേക സംഘത്തെയും നിയോഗിക്കുന്നുണ്ട്. ഡപ്യൂട്ടി ചീഫ് കൺട്രോളറുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി സ്ഥലത്തു ക്യാംപ് ചെയ്യും.

വെടിക്കെട്ടിന് അനുമതി നൽകാതിരുന്നാൽ കേരളത്തിലെ പരമ്പരാഗത പടക്കനിർമാണകല സാവധാനം ഇല്ലാതാകുമെന്നതിനാൽ ശിവകാശി ലോബി ഇതിനായി കടുത്ത സമ്മർദം ചെല‍ുത്തുന്നതായി ആരോപണമുണ്ട്.