Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരം എന്ന തീർഥയാത്ര

pooram

ഇതു കുറച്ചുകാലം മുൻപുള്ള ഓർമയാണ്. വെടിക്കെട്ടു പൊട്ടിത്തുടങ്ങുന്നതുവരെ നല്ല രസമായിരുന്നു. ഞങ്ങൾ നിന്നിരുന്നതു കെട്ടിടത്തിനു മുകളിലാണ്. താഴെ സ്വരാജ് റൗണ്ടിൽ ആയിരങ്ങൾ പുഴപോലെ ഒഴുകുന്നു. എവിടെയും വെളിച്ചപ്രപഞ്ചം. രാത്രി പതിനൊന്നുമണിക്കാണു ഞങ്ങൾ കെട്ടിടത്തിന്റെ ടെറസ്സിൽ കയറിയത്. താഴെ എഴുന്നള്ളത്തു വരുന്നതു കാണാം. റോഡിനു കുറുകെ തേക്കിൻകാട് മൈതാനം. അവിടെ വെടിക്കെട്ടിനുള്ള ഒരുക്കം നടത്തുന്നതും കാണാം. കുറെനേരം കഴിഞ്ഞപ്പോൾ ആർപ്പുവിളികൾ തുടങ്ങി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ തീയുമായി ഒരാൾ ഇരുട്ടിലൂടെ നടന്നുപോകുന്നതു കണ്ടു. അതോടെ ആർപ്പുവിളി ഇരട്ടിയായി. ഞങ്ങൾ നിന്നിരുന്നതു പാറമേക്കാവ് ഭാഗത്താണ്. അവിടെയാണു വെടിക്കെട്ടിന് ആദ്യം തിരികൊളുത്തുന്നത്. അവിടെത്തന്നെ സീറ്റ് കിട്ടിയല്ലോ എന്ന സന്തോഷം ചെറുതല്ല.

ആദ്യ രണ്ടുമൂന്നു ഗുണ്ടു പൊട്ടിയപ്പോൾത്തന്നെ ചെവി പൊത്തി. പിന്നെ മനസ്സിലായി വെടിക്കെട്ടു പൊട്ടിപ്പൊട്ടി മുന്നോട്ടുവരികയാണെന്ന്. ഞങ്ങളുടെ കെട്ടിടത്തിനു മുന്നിലൂടെയാണ് അതു കടന്നുപോകുക. അപ്പോഴേക്കും ഞാൻ കരഞ്ഞുതുടങ്ങി. പിന്നെ ടെറസ്സിലെ അരമതിലിനു താഴെ കുനിഞ്ഞിരുന്നു ചെവിപൊത്തി നോക്കി. പുറകിലേക്കു പോകാൻ വയ്യ; അവിടെയെല്ലാം ജനമാണ്. കെട്ടിടം വെടിക്കെട്ടിൽ വിറയ്ക്കുന്നതായി തോന്നി. എന്റെ അലർച്ച എനിക്കുപോലും കേൾക്കാനാവുന്നില്ല. ശബ്ദവും വെളിച്ചവും മാത്രം. അതായിരുന്നു ആദ്യ പൂരാനുഭവം. പിന്നെയും ഞാൻ വെടിക്കെട്ടു കാണാൻ പോയി. ഞങ്ങൾ തൃശൂരുകാര് അങ്ങനെയാണ്. എത്ര വേണ്ട എന്നു കരുതിയാലും അറിയാതെ ഒരുനേരമെങ്കിലും പൂരപ്പറമ്പിൽ എത്തും. പൂരത്തിന്റെ അന്നു പറ്റിയില്ലെങ്കിൽ രണ്ടു ദിവസം മുൻപെങ്കിലും പോകും. 

മനോരമയ്ക്ക് എഴുതാൻവേണ്ടി ഞാൻ രണ്ടു മൂന്നു വർഷം മുൻപു വീണ്ടും പൂരം കണ്ടു. തിരക്കിൽപോയി പൂരം കാണാനാകുമെന്നു കരുതിയതേയില്ല. പൊലീസുകാർ അവരുടെ വണ്ടിയിൽ കയറ്റിയതുകൊണ്ടു തിരക്കിലൂടെ പോകാനായി. 

പൂരം വല്ലാത്തൊരു അനുഭവംതന്നെയാണ്. ആയിരത്തിലധികം വാദ്യകലാകാരന്മാരാണു രണ്ടുദിവസംകൊണ്ട് അവിടെ എത്തി കൊട്ടുക. എല്ലാം വലിയ വലിയ കലാകാരന്മാർ. എവിടെയാണ് ഇതുപോലൊരു ഭാഗ്യം ഉണ്ടാകുക. വെറുതെയല്ല ജനം പൊരിവെയിലത്തും പൂരം കാണുന്നത്. പ്രായമായ പല വലിയ കൊട്ടുകാരും കൊമ്പുകാരും കുഴലുകാരുമുണ്ട്. അവരെ പലപ്പോഴായി ഞാൻ പല സ്ഥലത്തും കണ്ടുമുട്ടാറുമുണ്ട്. കാണുമ്പോഴെല്ലാം അവർ പൂരത്തിന്റെ കാര്യം പറയും. പൂരം അവർക്കൊരു തീർഥയാത്രയാണ്. പ്രായവും ക്ഷീണവുമൊന്നും അവിടെ പ്രശ്നമല്ല. അതാണു പൂരം. കാണുന്നവർക്കും കൊട്ടുന്നവർക്കും വെടിക്കെട്ടുകാർക്കുമെല്ലാം പൂരം തീർഥയാത്രതന്നെയാണ്. 

പണം ചെലവാക്കി വിദേശത്തുപോയി വെടിക്കെട്ടു കാണുന്ന എത്രയോപേരുണ്ട്. അവർ ആദ്യം എത്തേണ്ടതു പൂരത്തിനാണ്. വലിയ മ്യൂസിക് ഷോകൾ കാണാൻ പോകുന്നവർ ആദ്യം എത്തേണ്ടത് ഈ പൂരപ്പറമ്പിലാണ്. രാവും പകലും അവർക്കു വാദ്യവും സംഗീതവും കേൾക്കാം. പൂരത്തിന്റെ നാട്ടിൽ ജനിച്ചുവെന്നത് എന്നും അഭിമാനത്തോടെയാണു ഞാൻ പറയാറ്. എവിടെച്ചെന്നാലും ചോദിക്കും, പൂരത്തിന്റെ നാട്ടുകാരിയാണല്ലെ എന്ന്. അതെ, ഞാൻ പൂരത്തിന്റെ നാട്ടുകാരിയാണ്, മാത്രമല്ല, പൂരക്കമ്പക്കാരികൂടിയാണ്.

പൂരദിവസം ലോകത്ത് എവിടെയായാലും അച്ഛൻ പൂരം ലൈവ് ടെലിക്കാസ്റ്റ് ചാനലാണു വയ്ക്കുക. പകൽ മുഴുവൻ പഞ്ചവാദ്യവും മേളവും വീട്ടിൽ മുഴങ്ങും. മനസ്സുകൊണ്ട് അവിടെ എത്തിയതായി തോന്നും. ഇതു ചിട്ടപ്പെടുത്തിയത് ആരായിരിക്കുമെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്. എന്തൊരു വൈവിധ്യം, എന്തൊരു വൈദഗ്ധ്യം. താളം, വാദ്യം, സംഗീതം, നിറം, ശബ്ദം എന്നിവയെല്ലാം ചേർന്നൊരു വലിയ ഷോ. അതും രാവും പകലും കാണാവുന്ന ഷോ. നടന്നു നടന്നു പലയിടത്തായി കാണാവുന്നതരത്തിൽ ഒരുക്കിയ വേദികൾ.

ഇത്രയേറെ വലിയ വാദ്യഘോഷത്തിനു മുൻപു റിഹേഴ്സലില്ല, വെടിക്കെട്ടിനു മുൻപു പൊട്ടിച്ചു നോക്കലില്ല. എല്ലാവരും ഒരേമനസ്സായി അതു നടത്തുകയാണ്. ലോകത്തെ പല വലിയ ഷോകളും കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. പക്ഷേ, ഇതുപോലെ എവിടെയും കണ്ടിട്ടില്ല. പൂരത്തലേന്നു വൈദ്യുത ദീപാലങ്കാരം നിറഞ്ഞ പന്തലുകൾ കണ്ടു കാറിൽ പോകാറുണ്ട്. പാറമേക്കാവിലും തിരുവമ്പാടിയിലും അലങ്കരിച്ച ഗോപുരം കാണാറുണ്ട്. എല്ലാം കാണുമ്പോൾ മനസ്സിലാകും പൂരത്തിന്റെ ഓരോ നിമിഷത്തിലും ഓരോ കലാകാരനുണ്ടെന്ന്. 

ആ കലാകാരന്മാർ ഓരോരുത്തർക്കും എന്റെ നമോവാകം.