Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരക്കടലിൽ ആവേശത്തിര; മനം നിറച്ചു തൃശൂർ പൂരം

thrissur-pooram ആവേശക്കുടമാറ്റം: തൃശൂർ പൂരത്തോടനുബന്ധിച്ചു നടന്ന കുടമാറ്റത്തിൽ നിന്ന്. ചിത്രം: ഉണ്ണി കോട്ടക്കൽ ∙ മനോരമ

തൃശൂർ ∙ തേക്കിൻകാട് പാലാഴിയായി. പൂരത്തിന്റെ ഹരത്തിൽ ഇഴചേർന്ന ഹൃദയങ്ങൾക്ക് ആ പാലാഴിയിൽനിന്നു ശ്രേഷ്ഠ വിഭവങ്ങളായി ലഭിച്ചതു മഠത്തിൽവരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും. അമൃത് നുകർന്ന പ്രതീതിയിൽ മടങ്ങിയ പൂരാസ്വാദകരുടെ ഹൃദയത്തിൽ ഒറ്റ പ്രാർഥന മാത്രം; ആയുസ്സു മുഴുവൻ ഈ പൂരക്കാഴ്ച അണയാച്ചെരാതായി മനതാരിൽ തെളിഞ്ഞുനിൽക്കണേ...

ചെറുപൂര‌ങ്ങളുടെ വലിയ കാഴ്ചകൾക്കു തുടക്കമിട്ടു കണിമംഗലം ശാസ്ത‍ാവിന്റെ വരവോടെയാണു തേക്കിൻകാട് മൈതാനത്തു പൂരക്കാഴ്ചയുടെ അമൃതമഥനത്തിനു തുടക്കമായത്. പൂരക്കടൽ ഉണരുകയും തിരുവമ്പാടിക്കും പാറമേക്കാവിനും പിന്നിലായി പൂരത്തിരകൾ രൂപപ്പെടുകയും ചെയ്തപ്പോൾ ആദ്യം പുറത്തുവന്നതു മഠത്തിൽവരവു പഞ്ചവാദ്യം. 11.30നു കോങ്ങാട് മധുവിന്റെ ദൈവീകവിരലുകൾ തിമിലയിൽ ജാലം തുടങ്ങി. നെല്ലിട നെല്ലിട കയറി കൊട്ടിക്കൂർപ്പിച്ച പഞ്ചവാദ്യത്തിനു മുന്നിൽ ആസ്വാദകർ നമിച്ചു. പതികാലത്തിലെ മൂന്നു കലാശവും കെങ്കേമം. പല്ലാവൂർ ശൈലി കൈവിടാതെ, പെരുമ കെടാതെയുള്ള അവതരണം. സാക്ഷിയായി തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസിൽ എഴുന്നള്ളിയ തിരുവമ്പാടി ഭഗവതിയും.

പാറമേക്കാവ് ക്ഷേത്രമുറ്റത്തു കടഞ്ഞെ‌ടുത്ത ചെമ്പടയിലൂടെ അടുത്ത ശ്രേഷ്ഠദ്രവ്യത്തിന്റെ പിറവി. ഗുരുവായൂർ നന്ദന്റെ ശിരസിലെഴുന്നള്ളിയ പാറമേക്കാവ് ഭഗവതിക്കു മുന്നിൽ പെരുവനം കുട്ടൻ മാരാർ ചെമ്പടമേളം പെരുക്കി. ചെമ്പട അസ്തമിച്ചതിനു പിന്നാലെ ഇലഞ്ഞിമരച്ചുവട്ടിൽ പെരുവനത്തിന്റെ ഇലഞ്ഞിത്തറ മേളത്തിന്റെ ഉദയം. ഉരുട്ടുചെണ്ടയിൽ പെരുവനം തൊട്ടപ്പോൾ താളലോകം ഇലഞ്ഞിച്ചുവട്ടിലേക്ക് ഉരുണ്ടുകൂടിയപോലെ. ഇരുപത്തിരണ്ടിൽ ഒരു കലാശവും ഇരുപതിൽ രണ്ടു കലാശവുമായി പെരുവനം പെരുമഴയായി.

thrissur-pooram-1 വർണപ്രഭാപൂരം: ഒളിപ്പിച്ചുവച്ച വിസ്മയം ഒന്നൊന്നായി ചുരുൾ നിവർന്നപ്പോൾ ഇടംവലംപാഞ്ഞ കണ്ണുകളിൽ ആവേശത്തിരയിളക്കം. മാറിമാറി കുടനിവർന്നപ്പോൾ മാറാതെ കണ്ണുകൾ കാത്തുനിന്നു. തൃശൂർ പൂരം കുടമാറ്റത്തിനു തിരുവമ്പാടി– പാറമേക്കാവ് വിഭാഗങ്ങൾ മുഖാമുഖം നിരന്നപ്പോഴേക്കും കാണികൾ പ്രതീക്ഷയുടെ കുട നിവർത്തിയിരുന്നു. തുടർന്ന്, ആരെയും നിരാശരാക്കാതെ സൗഹൃദത്തിന്റെ വർണക്കുടമാറ്റം. ചിത്രം: ഫഹദ് മുനീർ ∙ മനോരമ

കൊട്ടിന്റെ കലാശം കയറുമ്പോഴെല്ലാം പൂരക്കമ്പക്കാർ ആസ്വാദനത്തിന്റെ കൈലാസം കയറി. തിരിച്ചിറങ്ങിയതു കുടമാറ്റത്തിലേക്ക്. തെക്കേ ഗോപുരനട തുറന്നപ്പോൾ പൂരാമൃതം ഹൃദയത്തിലേക്കാവാഹിക്കാൻ പൂരക്കടൽ നിറഞ്ഞു പതഞ്ഞു. എണ്ണിയാലൊടുങ്ങാത്ത വർണങ്ങളുമായി ഇരുവിഭാഗവും കുടകൾ മാറ്റി ഉയർത്തിയപ്പോൾ പൂരപ്രേമികൾക്ക് അമൃതഭോജനത്തിന്റെ സുകൃതം. മണ്ണിൽനിന്നു മറഞ്ഞെങ്കിലും മനസിൽ വിലസുന്ന തിരുവമ്പാടി ശിവസുന്ദർ സ്പെഷൽ കുടയായി അവതരിച്ചപ്പോൾ ഹർഷാരവം. വെടിക്കെട്ടും പകൽപ്പൂരവും കഴിയുമ്പോൾ മനസിനെ ജരാനര വിട്ടൊഴിയും, അമൃതല്ലേ അകതാരിൽ!