ഇതര സംസ്ഥാന കുട്ടികളെ കാണാൻ എത്തിയ ‘രക്ഷിതാക്കളെ’ തിരിച്ചയച്ചു

പാലക്കാട് ∙ മേനോൻപാറയിലെ വീട്ടിൽ കണ്ടെത്തിയ ഇതരസംസ്ഥാനക്കാരായ 14 കുട്ടികളിൽ ആറു പേരെ കാണാൻ അവരുടെ രക്ഷിതാക്കളെന്നു പരിചയപ്പെടുത്തിയ ചിലർ മുട്ടിക്കുളങ്ങരയിലെ ശുശുക്ഷേമസമിതി കേന്ദ്രത്തിലെത്തി. ബംഗാൾ, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഇവരുടെ പെരുമാറ്റത്തിൽ അപാകത തോന്നിയതിനാൽ കേന്ദ്രത്തിലെ അധികൃതർ തിരിച്ചയച്ചു.

തങ്ങളുടെ പേരിലുള്ള ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളുമായാണ് ഇവർ എത്തിയത്. എന്നാൽ, കുട്ടികളെ സംബന്ധിച്ച രേഖകളൊന്നുമുണ്ടായിരുന്നില്ല. അഞ്ച് മിനിറ്റ് കുട്ടികളുമായി സംസാരിച്ചപ്പോൾ തന്നെ ഇവർ പറയുന്നതിൽ പൊരുത്തക്കേട് തോന്നിയതിനാൽ കൂടുതൽ സംസാരിക്കുന്നത് അധികൃതർ വിലക്കി.

കുട്ടികളെ കൊണ്ടുവന്ന യുപിയിലെ നോയിഡ ആസ്ഥാനമായ സ്ഥാപനത്തിന് ഇനിയും അംഗീകൃത രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ കുട്ടികളെ തിരിച്ചയയ്ക്കണമോയെന്ന കാര്യത്തിൽ നാളെ ചേരുന്ന ശിശുക്ഷേമസമിതി യോഗം തീരുമാനമെടുക്കും.

സ്ഥാപനത്തിന്റെ ദക്ഷിണേന്ത്യൻ മാനേജർ അജു മാത്യു ജോർജ് നേരത്തെ അറസ്റ്റിലായിരുന്നു. ഡയറക്ടർ ജോണിനെതിരെയും കേസുണ്ട്. കുട്ടികളെ മുൻപ് പാർപ്പിച്ചിരുന്ന കോയമ്പത്തൂരിലും പരിസരത്തും ചിറ്റൂർ സിഐ വി. ഹംസയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

17നാണു മേനോൻപാറ നല്ലവീട്ടുചള്ളയിലെ ഒരു വീട്ടിൽ ഒൻപതു മുതൽ 16 വയസ്സു വരെയുള്ള 14 കുട്ടികളെ അനധികൃതമായി താമസിപ്പിച്ചതായി ഐസിഡിഎസ് അധികൃതർ കണ്ടെത്തിയത്.