ഒറ്റപ്പാലം വേങ്ങശ്ശേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ

വേങ്ങശ്ശേരിയിൽ കൊല്ലപ്പെട്ട ധനലക്ഷ്മി.

ഒറ്റപ്പാലം ∙ അമ്പലപ്പാറ വേങ്ങശ്ശേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ. അകവണ്ട വളത്തുകാടുകുണ്ടുപള്ളിയാലിൽ പാണക്കാട്ട് ബാലകൃഷ്ണന്റെ ഭാര്യ ചുനങ്ങാട് വാണിവിലാസിനി സ്വദേശി ധനലക്ഷ്മി(40)യാണു വെട്ടുംകുത്തുമേറ്റു കൊല്ലപ്പെട്ടത്. 

രാവിലെ ആറരയോടെ അകവണ്ടയിലെ വീട്ടുവളപ്പിൽ ചാണകക്കുഴിക്കു സമീപം കാണപ്പെട്ട മൃതദേഹം, കഴുത്തിലും വയറിലും മുറിവേറ്റ നിലയിലായിരുന്നു. പാൽവിൽപന കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ ധനലക്ഷ്മിയെ മരിച്ച നിലയിൽ കാണുകയായിരുന്നെന്നാണു ബാലകൃഷ്ണൻ പൊലീസിനു നൽകിയ മൊഴി. 

കഴുത്തിലേറ്റ വെട്ടും വയറിലേറ്റ കുത്തുമാണു മരണ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. കഴുത്തിൽ വെട്ടിയതിനു പുറമെ രണ്ടിടത്തു കുത്തേറ്റിട്ടുമുണ്ട്. ഇവരുടെ സ്വർണമാല കാണാതായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. മാലയിലെ ലോക്കറ്റ് മൃതദേഹത്തിനു സമീപത്തു നിന്നു കണ്ടെടുത്തു. 

അകവണ്ട തോടിനു സമീപം വിജനമായ പ്രദേശത്തെ വിശാലമായ വളപ്പിലാണ് ഇവർ താമസിച്ചിരുന്ന വീട്. ആദ്യ വിവാഹ ബന്ധങ്ങളിൽ നിന്നു മോചിതരായ ഇരുവരും കഴിഞ്ഞ നാലുവർഷമായി ഒരുമിച്ചാണു താമസം. 

ജില്ലാപൊലീസ് മേധാവി പ്രതീഷ്കുമാർ, ഷൊർണൂർ ഡിവൈഎസ്പി കെ.എം. സെയ്താലി, പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്തു പരിശോധന നടത്തി. 

പൊലീസിന്റെ ശാസ്ത്രീയ പരിശോധന വിഭാഗങ്ങളും ഡോഗ് സ്ക്വാഡും തെളിവെടുപ്പു പൂർത്തിയാക്കി. ഒറ്റപ്പാലം സിഐ പി. അബ്ദുൽ മുനീർ, എസ്ഐ എ. ആദംഖാൻ എന്നിവർക്കാണ് അന്വേഷണ ചുമതല. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.