Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശാപ്പ് നിയന്ത്രണം: മുഖ്യമന്ത്രിമാരുടെ യോഗം സംസ്ഥാനങ്ങളു‌ടെ സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷം

cattle-ban-beef

തിരുവനന്തപുരം∙ കന്നുകാലികളുടെ കശാപ്പും വിൽപനയും നിയന്ത്രിക്കുന്ന കേന്ദ്ര വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേർക്കുന്നത് ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ പൂർണമായി മനസ്സിലാക്കിയ ശേഷം. യോഗം വിളിച്ചു ചേർക്കുന്നതു സംബന്ധിച്ച കാര്യമായ ചർച്ചയൊന്നും ഇതുവരെ നടന്നില്ല. ഈ പ്രശ്നത്തെ ഒരുമിച്ചു നേരിടണമെന്നഭ്യർഥിച്ചു വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

എന്നാൽ, പല സംസ്ഥാനങ്ങളിലും സർക്കാർ തലത്തിൽ തന്നെ പ്രതിഷേധമുയർന്നതായി അവിടെയുള്ള മലയാളി അസോസിയേഷൻ പ്രവർത്തകർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടായ ശേഷമേ ഏതൊക്കെ മുഖ്യമന്ത്രിമാരെ ക്ഷണിക്കണമെന്നു തീരുമാനിക്കൂ. പങ്കെടുക്കാൻ സന്നദ്ധരാകുന്ന മുഖ്യമന്ത്രിമാരുടെ സൗകര്യം കൂടി കണക്കിലെടുത്തു യോഗ തീയതി തീരുമാനിക്കും. കർണാടകയും തമിഴ്നാടും ഇടതുമുന്നണി ഭരിക്കുന്ന ത്രിപുരയും മമത ബാനർജി ഭരിക്കുന്ന ബംഗാളും കേന്ദ്ര വിജ്ഞാപനത്തിനെതിരാണ്.

ഈ സംസ്ഥാനങ്ങളിൽ നിന്ന് അനുകൂല പ്രതികരണമുണ്ടാകുമെന്നാണു പ്രതീക്ഷ. ബംഗാളിൽ സിപിഎമ്മുമായി ശത്രുതയിലായ മമത ബാനർജിയെ ക്ഷണിക്കുന്നതിനോട് സിപിഎം ബംഗാൾ ഘടകം എങ്ങനെ പ്രതികരിക്കുമെന്നതിലും ആകാംക്ഷയുണ്ട്. ബിജെപിയും അവരുടെ ഘടകകക്ഷികളും ഭരിക്കുന്ന 16 സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ യോഗത്തിനെത്തില്ലെന്ന് ഉറപ്പാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എത്തിയേക്കുമെന്നും സൂചനയുണ്ട്.

related stories