Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലികളെ ചന്തയിൽ എത്തിക്കാൻ പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കി

ന്യൂഡൽഹി∙ കശാപ്പിനുള്ള കന്നുകാലികളെ ചന്തകളിൽ എത്തിക്കാൻ പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടെ ഒഴിവാക്കി കേന്ദ്ര പരിസ്ഥിതി–വനം മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം. ചന്തയിൽ എത്തിക്കുന്ന കന്നുകാലികൾ കശാപ്പിനുള്ളതല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയും ഒഴിവാക്കി. കശാപ്പിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള മുൻ ഉത്തരവിലെ കർശന വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയാണു പുതിയ കരടു ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്.

സംസ്ഥാന അതിർത്തിയുടെ 25 കിലോമീറ്റർ അകലെയും രാജ്യാന്തര അതിർത്തിയുടെ 50 കിലോമീറ്റർ അകലെയുമാകണം കാലിച്ചന്തകളെന്ന വ്യവസ്ഥയും ഒഴിവാക്കി. അതേസമയം, കന്നുകാലികളെ സംസ്ഥാന, രാജ്യാന്തര അതിർത്തി കടത്തുന്നതു കുറ്റകരമാണെന്ന വ്യവസ്ഥയും അസുഖമുള്ള കാലികളെയും കന്നുകുട്ടികളെയും ചന്തയിൽ വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥയും നിലനിർത്തി.

കന്നുകാലിച്ചന്തയിൽ കാലികളെ കൂട്ടിലിടുന്നതു സംബന്ധിച്ചു സ്ഥലസൗകര്യമുൾപ്പെടെ മുൻ ചട്ടത്തിൽ വിശദീകരിച്ചിരുന്നതു പുതിയ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കന്നുകാലികൾക്കെതിരായ ക്രൂരതകൾ സംബന്ധിച്ച വിശദാംശങ്ങളും കുറച്ചിട്ടുണ്ട്. ജനങ്ങളുടെ ഭക്ഷണശീലത്തിൽ കൈകടത്തുന്നതാണു മുൻ ഉത്തരവെന്ന ആരോപണം ഉയർന്നതോടെയാണു ചട്ടങ്ങൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ സന്നദ്ധമായത്. കേരളം, ബംഗാൾ, മേഘാലയ സർക്കാരുകൾ ഉത്തരവിനെതിരെ രംഗത്തുവന്നിരുന്നു.