Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വ്യവസ്ഥകളോടെ കന്നുകാലി ഇൻഷുറൻസ് പദ്ധതി പരിഷ്‌കരിച്ചു

cow-cattle

മലപ്പുറം ∙ കന്നുകാലികൾക്കുള്ള ഇൻഷുറൻസ് പദ്ധതി മൃഗസംരക്ഷണ വകുപ്പ് പരിഷ്‌കരിച്ചു. സ്‌പെഷൽ ലൈവ്‌സ്‌റ്റോക് ബ്രീഡിങ് പദ്ധതിയുടെ ഭാഗമായി കന്നുകുട്ടികൾക്ക് (പെൺ) ഏർപ്പെടുത്തുന്ന ഇൻഷുറൻസ് പദ്ധതിയിൽ പുതിയ വ്യവസ്‌ഥ ഉൾപ്പെടുത്തി. വകുപ്പുമായി ധാരണാപത്രം ഒപ്പിടാൻ തയാറുള്ള പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിൽനിന്നു മൃഗസംരക്ഷണ വകുപ്പ് താൽപര്യപത്രം ക്ഷണിച്ചു. ഏപ്രിൽ ഒന്നു മുതൽ പദ്ധതി നിലവിൽ വരും. ഭീകരാക്രമണത്തിൽ കാലികൾ കൊല്ലപ്പെട്ടാലും നഷ്‌ടപരിഹാരം ലഭിക്കുന്ന തരത്തിലാണു പുതിയ വ്യവസ്‌ഥ.

കന്നുകാലിസമ്പത്തു സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു പുതിയ വ്യവസ്‌ഥകൂടി ഉൾപ്പെടുത്തി പദ്ധതി ബലപ്പെടുത്തിയതെന്നു ഡയറക്‌ടർ ഡോ. എൻ.എൻ.ശശി പറഞ്ഞു. കൂടുതൽ കർഷകരെ പദ്ധതിയിലേക്ക് ആകർഷിക്കലും ലക്ഷ്യമാണ്. 

അപകടം (വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭുകമ്പം, ക്ഷാമം ഉൾപ്പെടെ), രോഗം, സമരം, കലാപം തുടങ്ങിയവയിൽ കാലികൾക്ക് ജീവനാശം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന തരത്തിലായിരുന്നു നേരത്തേയുള്ള വ്യവസ്‌ഥ. അവയുടെ കൂട്ടത്തിലാണ് ഇനി മുതൽ ഭീകരാക്രമണവും ഉൾപ്പെടുത്തിയിരിക്കുന്നത്. നാലു മാസം പ്രായമായ എരുമ, പശു കിടാങ്ങൾക്ക് 5,000 രൂപയാണു നഷ്‌ടപരിഹാരം നിശ്‌ചയിച്ചിരിക്കുന്നത്. 

ഒൻപതു മാസം പ്രായമായതിന് 9,000 രൂപ കിട്ടും. 12 മാസമായാൽ 13,000 രൂപ. 32 മാസം പ്രായമായതിന് 40,000 രൂപയാണു ലഭിക്കുക. നാലു മുതൽ ആറുമാസം വരെയുള്ള കന്നുകുട്ടികളെ (പെൺ) ഇൻഷുർ ചെയ്യാം. ഇൻഷുർ ചെയ്യുന്ന തീയതി മുതൽ കന്നുകുട്ടിക്ക് 32 മാസം പ്രായമാകുന്നതു വരെയാണു പരിരക്ഷ ലഭിക്കുക. രാഷ്‌ട്രീയ കൃഷിവികാസ് യോജന, സുരഭി രക്ഷ, ഗോവർധിനി തുടങ്ങിയ പദ്ധതികളിൽ കന്നുകുട്ടികളെ പരിപാലിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കും. കന്നുകാലികൾ മോഷണം പോയാലോ കാണാതായാലോ നഷ്‌ടപരിഹാരം ലഭിക്കില്ല.