Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുക്കൾ ചത്തെ‍ാടുങ്ങിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

പാലക്കാട്∙ മണ്ണാർക്കാട് തെങ്കര കെ‍ാറ്റിയേ‍ാട്ടു പുലായ്ക്കൽ വീട്ടിൽ ഒ‍ാമനയുടെ ഫാമിലെ പശുക്കൾ ചത്തെ‍ാടുങ്ങിയതിനെക്കുറിച്ചു ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് മേധാവി നിതിൻ അഗർവാളിന്റേതാണ് ഉത്തരവ്. ഡിവൈഎസ്പി എം.എം.സതീഷ്കുമാറിന്റെ മേൽനേ‍ാട്ടത്തിലാണ് അന്വേഷണം.

മികച്ച ക്ഷീരകർഷകയും സമ്മിശ്ര കർഷകയുമായിരുന്ന ഒ‍ാമനയുടെ ഫാമിലെ പൂർണ ഗർഭിണികളായ പശുക്കളും കിടാരികളും ഉൾപ്പെടെ 45 മാടുകളാണു ദുരൂഹസാഹചര്യത്തിൽ ചത്തത്. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സ്വാധീനമുള്ള ചിലരുടെ നേതൃത്വത്തിൽ മാടുകളെ വിഷം കുത്തിവച്ചും കാലിത്തീറ്റയിൽ വിഷം തളിച്ചും കെ‍ാലപ്പെടുത്തിയെന്നാണ് ഒ‍ാമനയുടെയും ഭർത്താവ് ആനന്ദിന്റെയും പരാതി.

പെ‍ാലീസിൽ 11 പരാതികൾ നൽകിയെങ്കിലും സമ്മർദത്തെ തുടർന്നു നടപടിയുണ്ടായില്ലെന്നാണ് ആരേ‍ാപണം. ഒരു സംഭവത്തിൽ മൃഗങ്ങളേ‍‍ാടുള്ള ക്രൂരത തടയൽ നിയമമനുസരിച്ചു കേസെടുത്തിട്ടുണ്ട്. പശുക്കുട്ടിയെ എരുമക്കുട്ടിയാക്കിയതുൾപ്പെടെ നടപടികളിൽ ക്രമക്കേടു നടന്നതായും ആരേ‍ാപിക്കുന്നു.

വിവിധ ബാങ്കുകളിൽ നിന്നു വായ്പകളെടുത്തു നടത്തിയ ഫാമിലെ പശുക്കൾ ചത്തെ‍ാടുങ്ങിയതേ‍ാടെ വരുമാനം നിലച്ചതിനാൽ വൻതുക വായ്പ കുടിശികയായി ജപ്തി ഭീഷണിയിലാണ് ഈ കുടുംബം. വീടിന് അരക്കിലേ‍ാമീറ്റർ അകലെയുള്ള സ്ഥലത്ത് 2012ലാണ് ഒ‍ാമന നവീകരിച്ച ഫാം ആരംഭിച്ചത്. മികച്ച ഇനങ്ങൾ ഉൾപ്പെടെ ഫാമിൽ 50 പശുക്കളാണുണ്ടായിരുന്നത്.

ദിവസം 150 ലീറ്റർ പാൽ വരെ വിറ്റു. പശുക്കൾ കൂട്ടത്തേ‍ാടെ ചത്തെ‍ാടുങ്ങിയതിനെക്കുറിച്ചു ‘മനേ‍ാരമ’ റിപ്പേ‍ാർട്ട് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചു ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നാണു മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. വകുപ്പുതല അന്വേഷണത്തിനു മന്ത്രിയും നിർദേശം നൽകിയിരുന്നു.

എന്നാൽ മൃഗങ്ങൾ ചത്തതുമായി ബന്ധപ്പെട്ടു നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിച്ചെന്നാണു മൃഗസംരക്ഷണ അധികൃതർ പറയുന്നത്. വായ്പാ കുടിശികയിൽ വീടുൾപ്പെടെ ജപ്തി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി അഭ്യർഥിച്ചു ജില്ലാ കലക്ടർക്ക് ഒ‍ാമന പരാതി നൽകി. കേന്ദ്ര മന്ത്രി മേനക ഗാന്ധിക്കും ദേശീയ മൃഗസംരക്ഷണ ബേ‍ാർഡിനും പരാതി നൽകിയിട്ടുണ്ട്.