Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേപ്പട്ടി കടിക്കുന്ന കന്നുകാലികൾ ഇറച്ചിയായി കേരളത്തിലേക്ക്‌; ഒപ്പം കാന്‍സറും ഹൃദ്രോഗവും

cow-slaughter കേരളത്തിലെ അറവുശാലയിലേക്കുള്ള യാത്ര കാത്തു പൊള്ളാച്ചി ചന്തയിൽ നിൽക്കുന്ന തൊലി പൊട്ടിയും വ്രണം വളർന്നും ക്ഷീണിച്ച മാടുകൾ

തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിൽ ഓലമേഞ്ഞു നീട്ടിക്കെട്ടിയ നെടുംപുരകളുണ്ട്. മാട്ടുപ്പണ്ണൈകൾ എന്നു പേരുള്ള ഈ പുരകൾ പ്രായം കൊണ്ടും രോഗം കൊണ്ടും അവശരായ മാടുകളെ പാർപ്പിക്കുന്ന സ്ഥലമാണ്.

ചന്തകൾ നിയന്ത്രിക്കുന്നവരാണു മാട്ടുപ്പണ്ണൈകളുടെ നടത്തിപ്പുകാർ. ഏജന്റുമാർ‌ മാട്ടുപ്പണ്ണൈകളിലെത്തി മാടുകളെ ചുളുവിലയ്ക്കെടുക്കും. ഇതു വലിയ ലാഭത്തിൽ ഇറച്ചി വിപണിയിൽ എത്തിക്കും.

വിദേശങ്ങളിൽ ഇറച്ചിക്ക് മാത്രമായി മാടുകളെ വളർത്തുകയാണു പതിവ്. ഇന്ത്യയിൽ അതു കുറവാണ്. തമിഴ്നാട്ടിൽ രോഗം വന്നതിനെ ചികിൽസിച്ചു സുഖപ്പെടുത്താറില്ല. വിൽക്കുകയാണു പതിവ്. കേരളത്തിൽ പാലിനു വേണ്ടി 11 ലക്ഷം മാടുകളെയാണു വളർത്തുന്നത്. ഇതിൽ മൂരിക്കുട്ടികളും പോത്തുകുട്ടികളും മാത്രമാണ് ഇറച്ചി ആവശ്യത്തിനുപയോഗിക്കുന്നത്. ഇതാകട്ടെ വെറും 5 ശതമാനം മാത്രം. 16 ലക്ഷത്തോളം മാടുകളെ കശാപ്പിനായി മാത്രം നമ്മൾ കേരളത്തിലെത്തിക്കുകയാണ്. ഈ സാധ്യതകളിലേക്കാണ് മാട്ടിറച്ചി മാഫിയ കണ്ണു വയ്ക്കുന്നത്.

കാലിയാകാതെ ക്രൂരത

തൂക്കം കൂടാനും കാഴ്ചയിൽ വണ്ണം തോന്നിക്കാനും കന്നുകാലികളോടു കാണിക്കുന്ന ക്രൂരതകൾ ഏറെയുണ്ട്.വായിലേക്ക് വെള്ളം പമ്പ് ചെയ്തു നിറയ്ക്കുന്നതും തുരിശോ അലക്കുകാരമോ കലക്കിയ വെള്ളം കൊടുക്കുന്നതുമെല്ലാം ഇത്തരം പ്രയോഗങ്ങളിൽ ചിലതാണ്. ഇറച്ചി മൃദുവാകാനും മാംസത്തിൽ നീരിന്റെ അംശം കൂട്ടി തൂക്കം വർധിപ്പിക്കാനുമുള്ള തന്ത്രങ്ങളിൽ ചിലതു മാത്രമാണിത്.

deceased-cow പൊള്ളാച്ചി ചന്തയിൽ എഴുന്നേൽക്കാനാകാതെ കിടക്കുന്ന പശു. ഇതും കേരളത്തിലെ അറവുശാലയിലേക്കെത്തി

രോഗം ബാധിച്ചതോ ചത്തതോ ആയ കന്നുകാലികളെ തമിഴ്നാട്ടിൽ തന്നെ ഇറച്ചിയാക്കി കേരളത്തിലെ കടകളിലേക്കും കേറ്ററിങ് കേന്ദ്രങ്ങളിലേക്കും തട്ടുകടകളിലേക്കും ഹോട്ടലുകളിലേക്കും എത്തിക്കുന്ന  വിപണന രീതി ഇന്നു സജീവമാണ്. സൂനാമി ഇറച്ചിയും അതിർത്തി കടന്നെത്തുന്നു. നായ്ക്കളിലെ പേ വിഷബാധ നമ്മൾ ശ്രദ്ധിക്കും. നായ്ക്കൾ കടിച്ചാൽ നമ്മൾ ചികിത്സ തേടും. എന്നാൽ പേപ്പട്ടി കടിക്കുന്ന കന്നുകാലികളെ ചികിൽസിക്കുന്നതിനു പകരം ഇറച്ചി മാർക്കറ്റിലെത്തും.

രോഗങ്ങളുടെ കേരള മോഡൽ

ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണത്തിൽ പഞ്ചാബിനു തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്താണു നമ്മൾ. ഹൃദയാഘാതവും ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും വന്ധ്യതയും പൊണ്ണത്തടിയും നമ്മളെ വല്ലാതെ പിടികൂടിയിരിക്കുന്നു. ജീവിത ശൈലീ രോഗങ്ങൾ എന്നു നമ്മൾ വിളിക്കുന്നതെല്ലാം ഭക്ഷണശൈലീ രോഗങ്ങളാണ്. രോഗാണുക്കൾ പൂർണമായും നശിക്കാതെ ഇറച്ചി പാകം ചെയ്യുന്ന രീതിയിലേക്കു നമ്മൾ മാറി.

കോടികൾ ചെലവാക്കിയിട്ടും  കുളമ്പു രോഗം മാറിയില്ല

നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ്(എൻഡിഡിബി) ഫണ്ട് ഉപയോഗിച്ച് 2004ൽ കേരളത്തിൽ ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് (എഡിസിപി) തുടങ്ങിയത് കുളമ്പുരോഗം പോലുള്ളവ തീർത്തും ഇല്ലാതാക്കാനുള്ള വാക്‌സിനേഷൻ പ്രോൽസാഹിപ്പിക്കാനാണ്. 14 കോടി രൂപ സഹായത്തോടെ, വിവിധ സർക്കാർ വകുപ്പു തലവൻമാർ അംഗങ്ങളായ സംഘത്തിനാണു പദ്ധതിയുടെ നടത്തിപ്പു ചുമതല.

ഈ വർഷത്തോടെ 24 വട്ടം വാക്‌സിനേഷൻ പൂർത്തിയായി. വാക്‌സിനേഷൻ ഫീസായി കർഷകരിൽ നിന്നു കഴിഞ്ഞ വർഷം വരെ 5 രൂപയും ഈ വർഷം മുതൽ 10 രൂപയും വാങ്ങിയാണു പദ്ധതി പുരോഗമിച്ചത്. പദ്ധതി തുടങ്ങി 14 വർഷമായിട്ടും കോടികൾ ചെലവഴിച്ചിട്ടും സംസ്ഥാനത്തു കുളമ്പുരോഗം ഇല്ലാതായില്ല.

പാലക്കാട് ജില്ലയിൽ കൊഴിഞ്ഞാമ്പാറ, കോട്ടായി, പിരായിരി, നല്ലേപ്പിള്ളി, എരുത്തേമ്പതി, കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിൽ പുതുതായി രോഗം കണ്ടെത്തിയിട്ടുണ്ട്. ഡിസംബറിന്റെ തണുപ്പും കാറ്റും കുളമ്പുരോഗത്തെ ഭയാനകമാം വിധം പടർത്തും. കുളമ്പുരോഗം വ്യാപകമായതോടെ ഈറോഡ് ജില്ലയിൽ രണ്ടാഴ്ചത്തേക്കു ചന്തകൾ അടച്ചിട്ടിരിക്കുന്നു. അതോടെ കേരളത്തിലേക്കുള്ള കാലിക്കടത്തിന്റെ തോത് ഉയർന്നു.

അതിർത്തി കടന്നെത്തുന്ന കന്നുകാലികളെ ചെക്പോസ്റ്റിൽ കുത്തിവയ്പ് നടത്തി ചുവപ്പു കമ്മൽ ഇടണമെന്നുണ്ട്. ഇതൊന്നും നടക്കുന്നില്ല. രോഗം അതിർത്തി കടന്നെത്തുന്നതു തടയാതെ കുളമ്പുരോഗ നിർമാർജനത്തിനുള്ള കോടികൾ എങ്ങനെ ചെലവിട്ടു എന്നു ചോദിച്ചാൽ ഉത്തരമില്ല.

കുളമ്പു പഴുപ്പ് എന്നു രേഖപ്പെടുത്തി കുളമ്പുരോഗം റിപ്പോർട്ട് ചെയ്യാതെ വിട്ടുകളയുന്ന പരിപാടിയുണ്ട് ചില ഉദ്യോഗസ്ഥർക്ക്. കുളമ്പു രോഗം വൈറസ് ഉണ്ടാക്കുന്നതാണ്. കാറ്റിലൂടെയും ഇതു പടരും. കുളമ്പു പഴുപ്പാകട്ടെ ബാക്ടീരിയ വഴിയാണ് ഉണ്ടാകുന്നത്. തമിഴ്നാട്ടിലെ വരണ്ട കാലാവസ്ഥയിൽ നിന്നു കേരളത്തിലെ ആർദ്രത കൂടിയ കാലാവസ്ഥയിലേക്കെത്തുമ്പോൾ വൈറസും ബാക്ടീരിയയും പെരുകും. തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്, നീല നാവ് രോഗം, ഗോട്ട് പ്ലേഗ് തുടങ്ങിയവ അതിർത്തി കടന്നെത്തിയ പുതിയ രോഗങ്ങളാണ്. ബ്രൂസെല്ലോസിസ് കേരളത്തിലെത്തിയതും അയൽ സംസ്ഥാനങ്ങളിൽ നിന്നാണെന്നോർക്കണം.

നാളെ: നിയമം പാലിക്കാത്ത അറവുശാലകൾ

related stories