വിഴിഞ്ഞം: ഹൈക്കമാൻഡ് നിർദേശിച്ച ചർച്ച നടന്നില്ലെന്നു സുധീരൻ; വിയോജിച്ചു മുരളി

തിരുവനന്തപുരം∙ വിഴിഞ്ഞം കരാറിനെക്കുറിച്ചു കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ച ചർച്ച കേരളത്തിൽ നടന്നില്ലെന്നു കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ മുൻ പ്രസിഡന്റ് വി.എം.സുധീരൻ. പാർട്ടി–സർക്കാർ ഏകോപനസമിതി ചേരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുധീരൻ വിളിച്ചു ചേർത്തില്ലെന്നു കെ.മുരളീധരന്റെ മറുപടി.

വിഴിഞ്ഞം കരാർ സംബന്ധിച്ച സിഎജി റിപ്പോർട്ടിന്മേൽ നടന്ന വിശദ ചർച്ചയിലായിരുന്നു വാദപ്രതിവാദം. കരാർ പാർട്ടിയിൽ ചർച്ച ചെയ്തെന്ന് ആരു പറഞ്ഞാലും ശരിയല്ലെന്നു സുധീരൻ പറഞ്ഞു. ഡൽഹിയിൽ താനും ഉമ്മൻ ചാണ്ടിയും ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ അഭിപ്രായം തേടി. പല കാര്യങ്ങൾ ആ കൂടിക്കാഴ്ചയിൽ ഉണ്ടായതിനെത്തുടർന്നു കേരളത്തിൽ ചെന്നു വിശദ ചർച്ചയ്ക്കു നിർദേശിച്ചു. എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും കൂടി ഇതിലുണ്ടാകണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ മന്ത്രിസഭ കരാറിന്റെ കാര്യത്തിൽ തീരുമാനമെടുക്കുകയായിരുന്നു. പാർട്ടി– സർക്കാർ ഏകോപനസമിതി വിളിക്കാൻ താൻ കത്തു നൽകിയ കാര്യം തുടർന്നു മുരളി ചൂണ്ടിക്കാട്ടി. 

മദ്യനയം കൊണ്ടൊന്നുമല്ല ഉളള വോട്ടെങ്കിലും ലഭിച്ചത്. വിഴിഞ്ഞം പോലെയുളള വികസനപ്രവർത്തനങ്ങൾ ചെയ്തതു കൊണ്ടാണ്. തിരിച്ചടികൾക്കിടയിലും തിരുവനന്തപുരം ജില്ലയിൽ പിടിച്ചുനിൽക്കാൻ വിഴിഞ്ഞം പദ്ധതി സഹായിച്ചെന്നും മുരളി പറഞ്ഞു. ഹൈക്കമാൻഡ് നിർദേശിച്ച ചർച്ച നടത്താതെ ഏകോപന സമിതിയുടെ കാര്യം പറയുന്നതിൽ എന്തു പ്രസക്തിയാണെന്നു സുധീരൻ തിരിച്ചുചോദിച്ചു. അന്നു വിശദ ചർച്ച നടന്നെങ്കിൽ വിവാദങ്ങൾ ഒഴിവായേനെ. 

ആമുഖമായി ഉമ്മൻ ചാണ്ടി കരാർ സംബന്ധിച്ച നിലപാടു വിശദീകരിച്ചു. അദാനി മാത്രം ഫിനാൻഷ്യൽ ബിഡ് നൽകിയപ്പോൾ അതു സ്വീകരിച്ചതിലെ സാങ്കേതികപ്രശ്നം പി.സി.ചാക്കോ ഉന്നയിച്ചു. വി.ഡി.സതീശനും സംശയങ്ങൾ ഉന്നയിച്ചു. നിയമസഭാ സമ്മേളന വേളയിൽ സിഎജി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നു പാർട്ടി ഒരു നിലപാടെടുക്കണം എന്ന സദുദ്ദേശ്യത്തോടെയാണു താൻ ചർച്ച ആവശ്യപ്പെട്ടു കത്തു നൽകിയത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിൽ പാർട്ടി നിലപാടു താൻ മനസ്സിലാക്കേണ്ടതുണ്ട്. പാമൊലിൻ വിവാദം വന്നപ്പോൾ അന്നു പബ്ലിക് അണ്ടർ ടേക്കിങ്സ് കമ്മിറ്റി ചെയർമാനായ എം.എം.ഹസൻ നിർദേശിച്ചതു വിശദ അന്വേഷണമാണ്. താൻ കത്തു കൊടുത്തത് അത്രയും വലിയ ചെയ്ത്തല്ല. തന്നെ മാത്രം ബാധിക്കുന്നത് എന്ന പോലെ ഉമ്മൻ ചാണ്ടി ഈ പ്രശ്നം കൈകാര്യം ചെയ്തതും ശരിയായില്ല. പാർട്ടിയെയും തങ്ങളെയും വിശ്വാസത്തിലെടുത്തു നീങ്ങേണ്ടിയിരുന്നു– സതീശൻ പറഞ്ഞു.

കരാറിൽ അഴിമതിയുണ്ടെങ്കിൽ റദ്ദാക്കാനുള്ള വ്യവസ്ഥ അതിൽ തന്നെയുണ്ടെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. എങ്കിൽ അതല്ലേ കോൺഗ്രസ് ഊന്നിപ്പറയേണ്ടതെന്നു ചാക്കോ ചോദിച്ചു. പദ്ധതി നടപ്പിലാക്കിയ യുഡിഎഫിനെ മോശക്കാരാക്കി ക്രെഡിറ്റ് തട്ടിയെടുക്കാനാണു സർക്കാർ ശ്രമമെങ്കിൽ ഇതേയുള്ളൂ പ്രതിവിധിയെന്ന ചാക്കോയുടെ നിർദേശം എല്ലാവരും അംഗീകരിച്ചു.  

കേരള കോൺഗ്രസിനെ പ്രകോപിപ്പിക്കരുത്

മദ്യനയത്തിന്റെ കാര്യത്തിൽ കെ.എം. മാണിക്കെതിരായുള്ള ‘വീക്ഷണം’ മുഖപ്രസംഗത്തിന്റെ ഭാഷയും ഉള്ളടക്കവും യോഗം തള്ളി. കൂടുതൽ ജാഗ്രത പാലിക്കാൻ തീരുമാനിച്ചു. കേരള കോൺഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവരെ അങ്ങോട്ടു പ്രകോപിപ്പിക്കേണ്ട എന്ന വികാരവും പങ്കുവച്ചു. വിശദ ചർച്ച നടന്നില്ല.