രാജസ്ഥാനിൽ ദരിദ്രരെന്നു ചാപ്പ കുത്തുന്നത് പ്രാകൃതം: പിണറായി

തിരുവനന്തപുരം∙ രാജസ്ഥാനിൽ പാവപ്പെട്ടവരെ ദരിദ്രരെന്നും അതിദരിദ്രരെന്നും ചാപ്പ കുത്തുന്ന ബിജെപി സർക്കാരിന്റെ നടപടി പ്രാകൃതവും അപരിഷ്കൃതവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാസി അധിനിവേശ പ്രദേശങ്ങളിൽ ജൂതരും ന്യൂനപക്ഷ വിഭാഗങ്ങളും അടങ്ങുന്നവരെ പ്രത്യേക ചേരികളിൽ തള്ളിയ ഹിറ്റ്ലറുടെ നടപടിയെയാണ് ഇത് ഓർമിപ്പിക്കുന്നതെന്നു ഫെയ്സ്ബുക് പോസ്റ്റിൽ പിണറായി ചൂണ്ടിക്കാട്ടി.

പൊതുവിതരണ സംവിധാനത്തിനു ജനങ്ങളിൽ നിന്നു ശക്തമായ ആവശ്യം ഉയരുമ്പോഴാണ്, പാർപ്പിടത്തിനു മുന്നിൽ ഞാൻ ദരിദ്രൻ, ഞാൻ അതിദരിദ്രൻ എന്നിങ്ങനെ പെയിന്റ് ചെയ്തുവച്ച്‌ രാജസ്ഥാൻ സർക്കാർ ജനങ്ങളെ വേർതിരിക്കുന്നത്. സ്വന്തം വീടിന്റെ ചുവരിൽ ദാരിദ്ര്യ പ്രഖ്യാപനം നടത്തിയാൽ മാത്രം ഭക്ഷ്യ സബ്സിഡി ലഭിക്കുന്നതു ജനങ്ങൾക്കിടയിൽ വലിയ വേർതിരിവും അസന്തുഷ്ടിയും സൃഷ്ടിക്കും. ദാരിദ്ര്യം പതിച്ചുനൽകി മാറ്റിനിർത്തുന്നതാണ് ഇത്.

ദൗസജില്ലയിൽ ആരംഭിച്ച ഈ ചാപ്പ കുത്തൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നു എന്നാണു വാർത്ത. കടാശ്വാസം ഫാഷനാണെന്നു കേന്ദ്ര മന്ത്രിയായ ഉന്നത ബിജെപി നേതാവു തന്നെ പറഞ്ഞു കഴിഞ്ഞു. എഴുതിത്തള്ളലല്ല; ശാശ്വത പരിഹാരമാണു വേണ്ടതെന്നും അദ്ദേഹം പറയുന്നു. ആരാണു പരിഹാരം കാണേണ്ടത്? കർഷകർ കടം വാങ്ങുന്നതും തിരിച്ചടയ്ക്കാനാകാതെ കെണിയിലാകുന്നതും ജീവനൊടുക്കുന്നതും ഫാഷനല്ല. ആ ദുരിതത്തിൽ അവർക്കു കൈത്താങ്ങു നൽകുന്നതും ഫാഷനല്ല. ജനങ്ങളെ എല്ലാ തരത്തിലും കൂടുതൽ ഭിന്നിപ്പിക്കുകയാണു സംഘ പരിവാർ. ഇതിനെതിരെ ജനകീയ പ്രതിരോധം കൂടുതൽ ശക്തമാകണം–പിണറായി പറഞ്ഞു.