സ്വകാര്യ ആശുപത്രികളിലെ ഫീസ് ഏകീകരണം: വിദഗ്ധ സമിതി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

കൊച്ചി ∙ സ്വകാര്യ ആശുപത്രികളുടെ നിലവാരം നിശ്ചയിച്ച് ചികിൽസകൾക്ക് ഈടാക്കുന്ന ഫീസ് സർക്കാർതലത്തിൽ തീരുമാനിക്കുന്നതിനെക്കുറിച്ച് പഠിക്കാനായി വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.

സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും വിദഗ്ധ സമിതിയുടെ നിർദേശാനുസരണം സർക്കാർ തീരുമാനിക്കുന്ന ചികിൽസാ ഫീസ് അംഗീകരിക്കണമെന്നും കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശിച്ചു.

സംസ്ഥാനത്ത് ഒരു പുതിയ ആരോഗ്യനയം രൂപീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിൽ അമിത ഫീസ് ഈടാക്കുന്നു എന്ന പരാതികളുടെ പശ്ചാത്തലത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.