ദിലീപ്, സലിംകുമാർ എന്നിവർക്കെതിരെ ദേശീയ വനിതാ കമ്മിഷൻ

ന്യൂഡൽഹി∙ ആക്രമിക്കപ്പെട്ട നടിക്കെതിരെ മാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ നടന്മാരായ ദിലീപ്, സലിംകുമാർ, നിർമാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ കേസെടുക്കാൻ ദേശീയ വനിതാ കമ്മിഷൻ അംഗം സുഷമ സാഹു സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം ഐജി ദിനേന്ദ്ര കശ്യപിനു നിർദേശം നൽകിയിരുന്നു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നൽകിയ പരാതിയെ തുടർന്നാണ് ഇടപെടൽ. മോശം പരാമർശങ്ങളുള്ള വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ടു.

നടിയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കാനും ഐജിക്കു നിർദേശം നൽകിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണ പുരോഗതിയെക്കുറിച്ചു രണ്ടു ദിവസത്തിനകം വിശദമായ റിപ്പോർട്ട് ഇ–മെയിലിൽ വനിതാ കമ്മിഷനു നൽകാനും സുഷമ സാഹു ആവശ്യപ്പെട്ടു.