വിവാദ പരാമർശം: സെൻ കുമാറിനെതിരെ തിരക്കിട്ടു ന‌ടപടിയില്ല

തിരുവനന്തപുരം∙ ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്ന മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് ധൃതിപിടിച്ചു നടപടി സ്വീകരിക്കില്ല. മൊഴി രേഖപ്പെടുത്തുന്നതും വൈകിപ്പിക്കും. അതേസമയം കേസിനെതിരെ ഇന്നു ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണു സെൻകുമാർ.

സെൻകുമാറിനും വിവാദ പരാമർശമടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ജാമ്യമില്ലാത്ത വകുപ്പു പ്രകാരമാണു കേസ് എടുത്തിരിക്കുന്നത്. സെൻകുമാറിനെതിരായുള്ള നടപടികളോടു ക്രൈംബ്രാഞ്ചിന്റെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.

താൻ പറയാത്ത കാര്യങ്ങളാണു വാരികയിൽ പ്രസിദ്ധീകരിച്ചതെന്ന വാദവുമായി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും ക്രൈംബ്രാഞ്ച് എഡിജിപി നിഥിൻ അഗർവാളിനും സെൻകുമാർ നേരത്തേ കത്തു നൽകിയിരുന്നു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്.