സൈബർ ക്വട്ടേഷൻ: കാശെറിഞ്ഞ് ‘ലൈക്ക് ’ വാരാം; പുകഴ്ത്താനും ഇകഴ്ത്താനും ആൾക്കൂട്ടം റെഡി

നടൻ ദിലീപിന്റെ അറസ്റ്റിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അനുകൂല തരംഗം സൃഷ്ടിക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തിയെന്ന വാർത്തയോടെ ശ്രദ്ധാകേന്ദ്രമാകുകയാണു ‘സൈബർ ക്വട്ടേഷൻ’ എന്ന പരസ്യതന്ത്രം.

സമൂഹ മാധ്യമങ്ങളിൽ കമ്പനികൾക്കും വ്യക്തികൾക്കും സൽപേരുണ്ടാക്കാനും എതിരാളികളെ മോശക്കാരാക്കാനും പണിയെടുക്കുന്ന കമ്പനികളുണ്ട്. നിർദോഷമായ രീതിയിൽ നമ്മൾ ഷെയർ ചെയ്യുന്ന പോസ്റ്റുകളുടെ സ്രഷ്ടാക്കൾ ഇവരാകാം. ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റ് (ഒആർഎം) എന്നാണ് ഈ പിആർ തന്ത്രത്തിന്റെ സാങ്കേതിക നാമം.

വൻകിട കമ്പനികൾ മുതൽ രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും വരെ ‘സൈബർ ക്വട്ടേഷന്റെ’ ഉപയോക്താക്കളാണ്. ഒരു കമ്പനി ചെലവഴിക്കുന്നത് 10 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ. 2014 ലെ കണക്കു പ്രകാരം 200 കോടി രൂപ മൂല്യമുള്ള വിപണി.

∙ സൽപേരിനുള്ള 'വളഞ്ഞവഴികൾ' ഇങ്ങനെ:

വ്യാജ ലൈക്കുകൾ

ഫോളോവേഴ്സ്: നിശ്ചിത പണമടച്ചാൽ കൂടുതൽ ലൈക്കുകളും ഫോളോവേഴ്സും. 100 ലൈക്കിന് 1500 രൂപയാണ് നിരക്ക്. വിവിധ പാക്കേജുകളും ലഭ്യം. പ്രത്യേക കംപ്യൂട്ടർ സ്ക്രിപ്റ്റുകൾ ഉപയോഗിച്ചു കൂടുതൽ ലൈക്കുകൾ. 

ക്ലിക് ഫാമുകൾ: നിശ്ചിത പേജുകൾ ലൈക്ക് ചെയ്യാനും ഓൺലൈൻ പരസ്യങ്ങളിൽ കൂടുതൽ ക്ലിക്ക് വരുത്താനുമായി പ്രതിഫലം പറ്റുന്ന വലിയ കൂട്ടം 'സൈബർ തൊഴിലാളികൾ' 

ആസ്ട്രോ ടർഫിങ്

റെപ്യൂട്ടേഷൻ ബോമിങ്: സ്വന്തം ബ്രാൻഡിനെ പുകഴ്ത്താനും എതിർ ബ്രാൻഡിനെ തകർക്കാനും വ്യാജ ഐഡികൾ ഉപയോഗിച്ചു നടത്തുന്ന കമന്റ് ആക്രമണം. 

ഫെയ്സ്ബുക് പേജുകളിലെ കള്ളക്കളികൾ: ഒരു ഏജൻസി തന്നെ നൂറുകണക്കിനു പേജുകൾ നിർമിക്കുന്നു. സ്വാഭാവികമെന്ന രീതിയിൽ പല കണ്ടന്റുകളും ഈ പേജുകളിലൂടെ വിൽക്കുന്നു. ഫോളോവേഴ്സ് കൂടിയ പേജുകൾക്കു റേറ്റും കൂടും. സാംസ്കാരിക രംഗത്തെ പ്രമുഖരുടേതെന്ന പേരിൽ പ്രചരിക്കുന്ന പല പേജുകളും ഇത്തരം കണ്ടന്റുകൾ വിറ്റഴിക്കാനുള്ള ഇടങ്ങളാണ്. 

ഗൂഗിളിൽ നല്ലപിള്ള: സെർച് എൻജിൻ സൈറ്റുകളിൽ നെഗറ്റീവ് കണ്ടന്റുകൾ വർധിക്കുമ്പോൾ കൂടുതൽ പേജ് റാങ്കിങ്ങുള്ള സൈറ്റുകളെ സ്വാധീനിച്ച് പോസിറ്റീവ് കണ്ടന്റ് നൽകുന്നു. ലഭിക്കുന്നതോ ഗൂഗിളിൽ തിരഞ്ഞാൽ നല്ല മുഖവും. 

ഡിഡിഒഎസ് അറ്റാക്ക്: സാധാരണമായി ഉപയോഗത്തിലില്ലെങ്കിലും നെഗറ്റീവ് കണ്ടന്റ് വരുന്ന സൈറ്റുകൾ നിശ്ചലമാക്കാനായി ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് അറ്റാക്ക് പ്രയോഗിച്ച സംഭവങ്ങളുണ്ട്. ലക്ഷക്കണക്കിന് ഐപി വിലാസങ്ങൾ ഉപയോഗിച്ച് സൈറ്റിന്റെ പ്രവർത്തനം താറുമാറാക്കുന്നു. 

ട്രോളുകളും ആയുധം: അനുകൂല തരംഗമുണ്ടാക്കാനായി പുറമേ നിഷ്കളങ്കമെന്നു തോന്നിക്കുന്ന ട്രോളുകൾ, വിഡിയോകൾ എന്നിവയും പ്രചാരണത്തിന്റെ ഭാഗമാണ്.

ഓഡിയോ ക്ലിപ്പുകൾ: ബ്രാൻഡിനെക്കുറിച്ച് നല്ല അഭിപ്രായം പറയുന്ന തരത്തിലുള്ള വ്യാജ ഫോൺ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സംവിധാനം. 'ഇതൊന്നു കേട്ടു നോക്കൂ, ഇതാണ് സത്യം' എന്ന അടിവരയോടെ നെറ്റിൽ വൈറലാക്കുന്നു. 

സെർച് എൻജിൻ വൈപ്പ് ഔട്ട്: നെഗറ്റീവ് റിവ്യൂകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീഷണിസന്ദേശം അയയ്ക്കാനും അസഭ്യം പറയാനും വരെ വ്യാജ ഐഡികൾ.

പുകഴ്ത്തൽ/ ഇകഴ്ത്തൽ : പോസിറ്റീവ് റിവ്യൂകൾ എഴുതിക്കാനുള്ള ശൃംഖല. പലരും പാർട് ടൈം ജോലിയായി ചെയ്യുന്നു. ഗൂഗിൾ റിവ്യൂസ്, പ്ലേ സ്റ്റോർ, ജോബ് ലിസ്റ്റിങ് സൈറ്റുകൾ എന്നിവയാണു പ്രധാന പണിസ്ഥലങ്ങൾ.