ഇങ്ങനെ മറ്റൊരാളെ കണ്ടിട്ടില്ല: കെ.ഇ. മാമ്മനെപ്പറ്റി ആന്റണി

കെ.ഇ മാമ്മന് ആദരാഞ്ജലി അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, എംഎൽഎമാരായ കെ. മുരളീധരൻ, സി. ദിവാകരൻ, ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം തുടങ്ങിയവർ സമീപം.

അവസാനശ്വാസംവരെയും ഗാന്ധിയൻ മൂല്യങ്ങളെ മുറുകെപ്പിടിക്കാനായി ശക്തമായ നിലപാടുകൾ സൂക്ഷിച്ചു കെ.ഇ. മാമ്മൻ. സമ്പന്നകുടുംബത്തിൽ ജനിച്ച അദ്ദേഹം സർവവും ഉപേക്ഷിച്ച് സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് എടുത്തുചാടുകയായിരുന്നു. സി.പി. രാമസ്വാമി അയ്യരുടെ എല്ലാ പ്രലോഭനങ്ങളെയും നിരാകരിച്ച് സി.പി. ഒഴിഞ്ഞുപോകുന്നതുവരെയും സ്വാതന്ത്ര്യലബ്ധി വരെയും  അദ്ദേഹം സമരരംഗത്ത് ഉറച്ചുനിന്നു. ഇതിനിടെ എണ്ണിയാലൊടുങ്ങാത്ത ത്യാഗങ്ങളാണ് അദ്ദേഹത്തിനു സഹിക്കേണ്ടി വന്നത്. ഗാന്ധിജിയെ കാണാൻ കഴിഞ്ഞതാണു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി അദ്ദേഹം കണക്കാക്കിയിരുന്നത്. ഗാന്ധിജി കഴിഞ്ഞേയുള്ളൂ അദ്ദേഹത്തിന് ജീവിതത്തിൽ മറ്റെന്തും. 

ഞാൻ അദ്ദേഹത്തെ കൂടുതൽ പരിചയപ്പെടുന്നത് മദ്യവർജന ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ്. കേരളസമൂഹത്തെ കാർന്നുതിന്നുന്ന കാൻസറാണു മദ്യം എന്ന് അദ്ദേഹം പറയുമായിരുന്നു. ലക്ഷോപലക്ഷം സ്ത്രീകളുടെ കണ്ണീർ വാർന്നുവീഴുന്നതു കണ്ട് അദ്ദേഹം മദ്യാസക്തിക്കെതിരെ സന്ധിയില്ലാ പോരാളിയായി. മാറിമാറി വന്ന എല്ലാ സർക്കാരുകളുടെയും മദ്യനയത്തെ അദ്ദേഹം എതിർത്തു. 

ഒറ്റയ്ക്ക് ഒരു പ്ലക്കാർഡുമായി അദ്ദേഹം പലപ്പോഴും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തു. അവിടെ കല്ലേറും ടിയർഗ്യാസ് പ്രയോഗവുമൊക്കെ നടക്കുന്നുണ്ടാവും. അതൊന്നും വകവയ്ക്കാതെ അക്ഷോഭ്യനായി കെ.ഇ. മാമ്മൻ തന്റെ ഒറ്റയാൾ പോരാട്ടം നടത്തി – മഹാത്മാഗാന്ധി കീ ജയ് വിളിയുമായി. പരിചയമില്ലാത്ത പലർക്കും അദ്ദേഹം എന്താണ് ഈ കാണിക്കുന്നത് എന്നു തോന്നിയിരിക്കാം. എന്നാൽ അതൊന്നും കണക്കാക്കാതെ അദ്ദേഹം തന്റെ സമരവുമായി മുന്നോട്ടുപോയി. 

മൂന്നു സമരങ്ങൾ – അഴിമതിക്കും മദ്യത്തിനും  അക്രമത്തിനുമെതിരെ – അദ്ദേഹം തുടർന്നതു മുഖംനോക്കാതെയാണ്. എല്ലാ സർക്കാരുകളോടും അദ്ദേഹം പറഞ്ഞു – നിങ്ങൾ മദ്യം നിരോധിക്കുക, അക്രമം തടയുക, അഴിമതി തുടച്ചു നീക്കുക.

എന്നോട് വളരെ സ്നേഹമാണെങ്കിലും അദ്ദേഹം ശകാരിക്കാനും മടിച്ചിട്ടില്ല. അദ്ദേഹം പറയും– ‘നിങ്ങളുടെ സർക്കാരിന്റെ പോക്ക് ശരിയല്ല. മദ്യലോബിയുടെ മുന്നിൽ മുട്ടുമടക്കുകയാണ് നിങ്ങൾ’. സിപിഎം നേതാക്കളെ കാണുമ്പോഴും അദ്ദേഹം ഇതുതന്നെ പറയും–‘നിങ്ങളുടെ പോക്ക് ശരിയല്ല.’ നിലപാടുകളുടെ കാര്യത്തിൽ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല. ഒരു മറയുമില്ലാതെ, കർക്കശമായിത്തന്നെ അദ്ദേഹം ശകാരിച്ചു.

താൻ വിശ്വസിച്ചത് ആരുടെ മുഖത്തുനോക്കി പറയാനും അദ്ദേഹം തയാറായി. അഴിമതിനടത്തിയതായി ആക്ഷേപം നേരിടുന്ന ഏതെങ്കിലും നേതാവ് മുന്നിൽവന്നു പെട്ടാൽ ചുറ്റും ആരൊക്കെയുണ്ട് എന്നൊന്നും നോക്കാതെ അദ്ദേഹം ശകാരിക്കുമായിരുന്നു. അക്കാര്യത്തിൽ മയവും മാർദവവും ഉണ്ടാവില്ല. ചെറുപ്പക്കാരെയും ബോധവൽക്കരിക്കാൻ ശ്രമിച്ചിരുന്നു.

ഏതാനും മാസം മുൻപാണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്. ആശുപത്രി കിടക്കയിലായിരുന്നു അദ്ദേഹം. പതിവുപോലെ അന്നും ഏറെനേരം സംസാരിച്ചു. ആ വാക്കുകളിൽ ഉള്ളിലെ സ്നേഹം തുളുമ്പി നിൽക്കുന്നുണ്ട്. എന്നാൽ ഒപ്പം ശകാരവുമുണ്ട്. ഇവിടെ മദ്യം ഒഴുകുകയാണ് – അദ്ദേഹം പറഞ്ഞു. 

അപൂർവമായ വ്യക്തിത്വമായിരുന്നു കെ.ഇ. മാമ്മന്റേത്. അന്യംനിന്നു പോകുന്ന ഒരു തലമുറയിലെ അവസാന കണ്ണികളിൽ ഒരാൾ. ജീവിതത്തിൽ അദ്ദേഹം ഒന്നും നേടിയില്ല. എന്നാൽ ആദർശത്തിനു വേണ്ടിമാത്രം ജീവിതം ഉഴിഞ്ഞുവച്ച അപൂർവ വ്യക്തിത്വം.

ഇങ്ങനെ മറ്റാരെയും ഞാൻ കണ്ടിട്ടില്ല. കേരളസമൂഹത്തിൽ കക്ഷിഭേദമില്ലാതെ, ജാതി, മത ഭേദമില്ലാതെ എല്ലാപേർക്കും അദ്ദേഹം തിരുത്തൽ ശക്തിയായി, ധാർമിക ശക്തിയായി ഒരു മനുഷ്യൻ.