ദിലീപ് കയ്യേറിയെന്ന് ആരോപണമുള്ള ഭൂമി ഇന്ന് അളന്നു തിട്ടപ്പെടുത്തും

ആലങ്ങാട് (കൊച്ചി) ∙ കരുമാലൂർ പുറപ്പിള്ളിക്കാവിൽ നടൻ ദിലീപ് കയ്യേറിയതായി ആരോപണമുള്ള ഭൂമി കലക്ടറുടെ ഉത്തരവിനെത്തുടർന്നു പറവൂർ തഹസിൽദാറുടെ നേതൃത്വത്തിൽ ഇന്ന് അളന്നു തിട്ടപ്പെടുത്തും. കരുമാലൂർ വില്ലേജ് അതിർത്തിയിലുള്ള കുന്നുകര കാരയ്ക്കാതുരുത്തിലാണ് ദിലീപിന്റെയും മുൻ ഭാര്യ മഞ്ജുവാര‌ിയരുടെയും പേരിലുള്ള രണ്ടേക്കർ ഭൂമിയുള്ളത്.

റവന്യു രേഖകളിൽ നിലമായി രേഖപ്പെടുത്തിയ ഭൂമിയാണിത്. കൂടാതെ ഈ ഭൂമിയോട് ചേർന്നു പെരിയാറിന്റെ തീരത്തായി അര ഏക്കറോളം വരുന്ന പുഴ പുറമ്പോക്ക് കൂടി കയ്യേറിയിട്ടുണ്ടെന്നാണ് ആക്ഷേപമുള്ളത്. പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിജിന്റെ നിർമാണത്തോടനുബന്ധിച്ച് പുഴയോട് ചേർന്നുള്ള ഈ ഭൂമിയിൽ 200 മീറ്ററോളം ഭാഗത്ത് 15 അടി താഴ്ചയിൽ കരിങ്കൽ സംരക്ഷണ ഭിത്തിയും കുളിക്കടവും സർക്കാർ ചെലവിൽ നിർമിച്ചു നൽകിയതായി പരാതിയുണ്ട്. കൂടാതെ പെരിയാറിൽ നിന്നു ഡ്രജ് ചെയ്തെടുത്ത മണൽ ഉപയോഗിച്ചു ദിലീപിന്റെ ഉടമസ്ഥതയിലുള്ള നിലം നികത്തിയിട്ടുമുണ്ട്. ‌

റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കയ്യേറ്റമെന്ന് ആക്ഷേപമുള്ള സാഹചര്യത്തിലാണ് ഭൂമി അളന്നു തിട്ടപ്പെടുത്താൻ കലക്ടർ നിർദേശം നൽകിയത്.

പെരിയാറിന്റെ തീരത്തെ പുറമ്പോക്ക് കയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ദിലീപ് കയ്യേറിയ ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ടും കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവിന്റെ നേതൃത്വത്തിൽ റവന്യു മന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും കലക്ടർക്കും മുൻപു പരാതി നൽകിയിരുന്നു.