ഒരു കുറ്റവാളിയും രക്ഷപ്പെടാത്ത തരത്തിലേക്കു പൊലീസ് സംസ്കാരം മാറി: മുഖ്യമന്ത്രി പിണറായി വിജയൻ

നീട്ടി വളർത്തിയ ചിരി: കോഴിക്കോട്ടു നടന്ന കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ സ്വാഗത പ്രസംഗകൻ തെറ്റിധരിച്ച് കൊച്ചിക്കാർക്ക് സ്വാഗതം പറഞ്ഞപ്പോൾ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയല്ല കോഴിക്കോടാണെന്നു തിരുത്തിയ ശേഷം പൊട്ടിച്ചിരിക്കുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സമീപം. ചിത്രം: അബു ഹാഷിം

കോഴിക്കോട് ∙ സ്വാധീനത്തിന്റെ പേരിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന തരത്തിലേക്കു പൊലീസ് സംസ്കാരം മാറിയെന്ന കാര്യം കേരളം മുഴുവൻ മനസ്സിലാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുഃസ്വാധീനത്തിന്റെ കീഴിൽ അല്ല തങ്ങളുടെ തൊപ്പി എന്നതു ഏതു പൊലീസ് ഓഫിസർക്കാണ് അഭിമാനം പകരാത്തത്. സ്വാധീനത്തിന്റെ പഴുതിലൂടെ ഉന്നതബന്ധമുള്ള കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യം ചില ഘട്ടങ്ങളിൽ ഉണ്ടായിരുന്നു. കുറ്റകൃത്യത്തിൽ പങ്കുള്ളത് ഏത് ഉന്നതരായാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. അതിന് ഒന്നിനേയും പൊലീസ് ഉദ്യോഗസ്ഥർ ഭയപ്പെടേണ്ട കാര്യമില്ല.

പൊലീസിനു സർക്കാർ നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. അപരാധികളെ രക്ഷപ്പെടുത്തുന്നതും നിരപരാധികളെ ശിക്ഷിക്കുന്നതും ഒരു പോലെ ഒഴിവാക്കണം. ലോക്കപ്പ് മർദനം, മൂന്നാം മുറ, അഴിമതി എന്നിവ ഒരുതരത്തിലും ഉണ്ടാകാൻ പാടില്ല. ഇതു പൂർണമായി ഒഴിവായിട്ടുണ്ടെന്ന അഭിപ്രായം സർക്കാരിനില്ല. സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ നടപടിയായിരിക്കും സർക്കാർ സ്വീകരിക്കുക. സെൻ‍സേഷനലായ കേസുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു പറയുന്നത് അന്വേഷണത്തെ ബാധിക്കും.

ആവശ്യമുള്ള സന്ദർഭങ്ങളിൽ പൊലീസിൽ അധികാരപ്പെട്ടവർ മാത്രമേ വിശദീകരണം നൽകാൻ പാടുള്ളു. സിഐമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി നിയമിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഉത്തര മേഖല ഡിജിപി രാജേഷ് ദിവാൻ, സിറ്റി പൊലീസ് മേധാവി എസ്. കലിരാജ് മഹേഷ്കുമാർ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. ആർ. ബിജു, പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു, ആർ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിരമിച്ച ശേഷം ഔദ്യോഗിക രഹസ്യങ്ങൾ പുറത്തു പറയുന്നത് അന്തസില്ലായ്മയാണ് – മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനെ വിമർശിച്ചുകൊണ്ടു സ്പീക്കർ പറഞ്ഞു. മഹാഭാരത യുദ്ധത്തിൽ ശകുനിക്ക് വലിയ പങ്കുണ്ട്.

ചോറിങ്ങും കൂറങ്ങും എന്ന മട്ടിലായിരുന്നു ശകുനിയുടെ പ്രവൃത്തികൾ. ഈ രീതിയിൽ പ്രവർത്തിക്കുന്നവരെ ജനം അവജ്ഞയോടെ തള്ളിക്കളയും. സ്പീക്കർ പറഞ്ഞു. ഡി. കെ. പൃഥ്വിരാജ് അധ്യക്ഷത വഹിച്ചു.