ഉഴവൂർ വിജയന്റെ മരണം ദുരൂഹമെന്ന ആരോപണം തെറ്റ്: തോമസ് ചാണ്ടി

കൊച്ചി ∙ ഉഴവൂർ വിജയന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പറയുന്നവർ പാർട്ടി ശത്രുക്കളാണെന്നു മന്ത്രി തോമസ് ചാണ്ടി. ഉഴവൂരിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കാൻ ഒരു ചർച്ചയും പാർട്ടിയിൽ ഉണ്ടായിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി. കാപ്പൻ പാലായിൽ മൽസരിച്ചപ്പോൾ ഉഴവൂർ വിജയനും ജിമ്മി ജോർജും വേണ്ടത്ര സഹായിച്ചില്ലെന്ന് ചിലർ പരാതി പറഞ്ഞിരുന്നു. ഇതേക്കുറിച്ചും പാർട്ടിയിൽ ചർച്ച നടന്നിട്ടില്ല. കെഎസ്ആർടിസിക്കു മഹാരാഷ്ട്രയിലെ സഹകരണ സംഘത്തിൽ നിന്നു വായ്പ കിട്ടുമോ എന്നറിയാനാണ് ദേശീയ പ്രസിഡന്റ് ശരദ് പവാറിനെ കണ്ടത്.

ഉഴവൂർ വിജയനുമായി അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ മൃതദേഹം ചിതയിൽ വയ്ക്കും വരെ കൂടെയുണ്ടായിരുന്നു. ആലപ്പുഴയിൽ നെഹൃട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട യോഗം ഉണ്ടായിരുന്നതിനാലാണു തിരക്കിട്ടു മടങ്ങിയത്. അതിന്റെ ചുമതല തന്നെയാണ് ഏൽപ്പിച്ചിരുന്നതെന്നു തോമസ് ചാണ്ടി പറഞ്ഞു. പാർട്ടി സെക്രട്ടറിയായ സുൾഫിക്കർ പ്രസിഡന്റായ ഉഴവൂരിനെക്കുറിച്ച് മോശമായി സംസാരിക്കുമെന്നു കരുതുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.