കോൺക്രീറ്റ് വീട് തകർന്ന് കാട്ടാന ചരിഞ്ഞു

അടിമാലി മച്ചിപ്ലാവിനു സമീപം കാട്ടാനയുടെ ശരീരത്തിലേക്കു തകർന്നു വീണ കോൺക്രീറ്റ് വീട്.

അടിമാലി ∙ ആദിവാസിക്കുടിയിലെ ആൾ താമസമില്ലാത്ത കോൺക്രീറ്റ് വീട്ടിൽ ഇടിച്ചു കയറിയ കാട്ടാന, കെട്ടിടം തകർന്നു ചരിഞ്ഞു. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന നൂറാങ്കര ആദിവാസിക്കുടിയിലാണു സംഭവം. 15 വയസ്സ് തോന്നിക്കുന്ന പിടിയാനയെയാണു കെട്ടിടത്തിനുള്ളിൽ ചരിഞ്ഞ നിലയിൽ നാട്ടുകാർ ഇന്നലെ വൈകിട്ടു കണ്ടെത്തിയത്.

ബേബി തോമസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണു വനമേഖലയോടു ചേർന്ന ഈ വീട്. ബേബിയും കുടുംബവും ഇപ്പോൾ കൊരങ്ങാട്ടിയിലാണു താമസിക്കുന്നതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

തീറ്റ തേടിയിറങ്ങിയപ്പോൾ അപകടത്തിൽപെട്ടതാകാമെന്നും കാട്ടാനയുടെ ജഡത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും വനം വകുപ്പ് പറഞ്ഞു. കാട്ടാനയുടെ മുകളിൽ പതിച്ചിട്ടുള്ള കോൺക്രീറ്റ് പാളികൾ നീക്കം ചെയ്ത ശേഷം പോസ്റ്റുമോർട്ടം നടത്തി ജഡം സംസ്കരിക്കുമെന്ന് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എസ്. രാജേന്ദ്രൻ അറിയിച്ചു.

ഒരു മാസത്തിനുള്ളിൽ ചരിയുന്ന നാലാമത്തെ കാട്ടാനയാണിത്. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവരൈ എസ്റ്റേറ്റ്, മൂന്നാർ തലയാർ എസ്റ്റേറ്റ്, ചിന്നക്കനാൽ എന്നിവിടങ്ങളിൽ കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.