Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണം: ഡോ. മാധവ് ഗാഡ്ഗിൽ

gadgil

കോഴിക്കോട്∙ കേരളത്തിന് ഒരു തരത്തിലും ഗുണം ചെയ്യാത്ത അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നു ഡോ. മാധവ് ഗാഡ്ഗിൽ. അതിരപ്പിള്ളിയിൽ ഉണ്ടെന്നു പറയുന്ന വെള്ളത്തിന്റെ കണക്കും പദ്ധതിയിൽ നിന്നു ഉൽപാദിപ്പിക്കാമെന്നു പറയുന്ന വൈദ്യുതിയുടെ കണക്കും ഊതിപ്പെരുപ്പിച്ചതാണ്. പദ്ധതി നിർമിക്കുന്നതു കൊണ്ടു കരാറുകാർക്കും അതുവഴി രാഷ്ട്രീയക്കാർക്കും ലാഭം ഉണ്ടാകും എന്നതൊഴിച്ചാൽ ആർക്കും ഗുണമുണ്ടാകില്ല.

കേരളത്തിന്റെ ഊർജ ആവശ്യത്തിനു സൗരോർജ പദ്ധതികളിലേക്കു തിരിയണമെന്നും ഗാഡ്ഗിൽ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും കോളജ് അധ്യാപകനും ആയിരുന്ന ഐ.ജി. ഭാസ്കരപ്പണിക്കർ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇത്തരം പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ ശാസ്ത്ര സാഹിത്യ പരിഷത്തു പോലുള്ള സംഘടനകൾ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണം. കസ്തൂരി രംഗൻ റിപ്പോർട്ട് അസത്യങ്ങളുടെ രേഖയാണ്. ഗാഡ്ഗിൽ റിപ്പോർട്ടിനു വിരുദ്ധമായി റിപ്പോർട്ട് നൽകണമെങ്കിൽ അത് അസത്യമായിരിക്കുമെന്ന് ഉറപ്പാണ്.

റിപ്പോർട്ട് തെറ്റാണെന്നു തെളിയിക്കാൻ തയാറാണ്. ഏതു പൊതുവേദിയിലും കസ്തൂരിരംഗനുമായി നേരിട്ട് ആശയ സംവാദം നടത്താൻ താൻ ഒരുക്കമാണെന്നും ഗാഡ്ഗിൽ പറഞ്ഞു.