Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി, പൂയംകുട്ടി പദ്ധതികൾ കയ്യാലപ്പുറത്തെ തേങ്ങ: മന്ത്രി മണി

M M Mani

കൊച്ചി ∙ അതിരപ്പിള്ളി, പൂയംകുട്ടി പോലുള്ള  വൻകിട ജലവൈദ്യുത പദ്ധതികൾ കയ്യാലപ്പുറത്തെ തേങ്ങാ പോലെയാണെന്നും നടപ്പാക്കാനാകുമെന്ന ഒരു പ്രതീക്ഷയുമില്ലെന്നും മന്ത്രി എം.എം.മണി. പാരിസ്ഥിതികമായ എതിർപ്പുകളെ അതിജീവിക്കുന്നത് എളുപ്പമല്ലാത്തതിനാൽ സോളർ പദ്ധതികൾ വിപൂലീകരിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സർക്കാരെന്നും മന്ത്രി പറഞ്ഞു. 

സോളർ പദ്ധതികൾ വഴി ആയിരം മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വൈദ്യുതി വിതരണത്തിന് പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള കേന്ദ്രനിർദേശം സർക്കാരിനെയും  വൈദ്യുതിബോർഡിനെയും മറികടന്ന് സ്വകാര്യ ഉൽപാദകരെ ഈ മേഖലയിലേക്കു സ്വാഗതം ചെയ്യാനുള്ള തന്ത്രമാണെന്നും എം.എം.മണി ആരോപിച്ചു. അപകടരഹിത വൈദ്യുതി മേഖല എന്ന വിഷയത്തിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം 

നിലവിൽ 380 മെഗാവാട്ട്  ൈവദ്യുതി ഉൽപാദിപ്പിക്കാവുന്ന ചെറുകിട വൈദ്യുത പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. സോളർ അടക്കമുള്ള പാരമ്പര്യേതര ഊർജോൽപാദന മാർഗങ്ങൾ തേടുകയാണ് അഭികാമ്യം. സോളർ വൈദ്യുതിക്ക് കേന്ദ്രസർക്കാരും സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഭ്യമായ സ്ഥലങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തണം. പാരിസ്ഥിതിക വിഷയങ്ങൾ പരിഗണിക്കേണ്ട എന്നൊരഭിപ്രായം തനിക്കില്ല. ഭാവിതലമുറയെയും കണ്ടായിരിക്കണം പുതിയ പദ്ധതികൾ നടപ്പാക്കേണ്ടത്. ഊർജം ഒരുനിലയിലും ഒഴിവാക്കാവുന്ന ഒന്നല്ലെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി മൂലമുള്ള അപകടങ്ങൾ  കുറയ്ക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുൻമന്ത്രി എളമരം കരീം പറഞ്ഞു. ഒരാളുടെ ജീവന് എത്ര നഷ്ടപരിഹാരം കൊടുത്താലും മതിയാകില്ല. ഒരാളുടെയും ജീവൻ വൈദ്യുതിഅപകടത്തിലൂടെ നഷ്ടപ്പെടരുത്. വൈദ്യുതി വിതരണം ഇപ്പോൾ സ്വകാര്യവൽക്കരണത്തിലേക്കു നീങ്ങുകയാണ്. വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികളിൽനിന്ന് ആർക്കും വൈദ്യുതി വാങ്ങാവുന്ന സ്ഥിതിയാണ്. ഉപഭോക്താക്കളോട് നല്ലരീതിയിൽ പെരുമാറിയില്ലെങ്കിൽ അവർക്ക് വേറെ സാധ്യതകളുണ്ട്. വൈദ്യുതി ബോർഡിനെ പൊതുമേഖലയിൽ നിലനിർത്താൻ ഉപഭോക്താക്കളുമായുള്ള നല്ല ബന്ധം അനിവാര്യമാണെന്നും എളമരം കരീം പറഞ്ഞു. ‌

കെഎസ്ഇബിഡബ്ലിയുഎ ജനറൽ സെക്രട്ടറി െക. ജയപ്രകാശ്, കെ.സി. രാജൻ, ആർ. സുകു, കെ.എൻ. ഗോപിനാഥ്, ജേക്കബ് ലാസർ, മുഹമ്മദ് കാസിം, എൻ.ടി. ജോബ്, ബാബു പോൾ എന്നിവർ പ്രസംഗിച്ചു.