പിഎച്ച്ഡിയുള്ള ആൾക്ക് കൊടുത്തത് 95 മാർക്ക്; സിപിഎം നേതാവിന് 210

തിരുവനന്തപുരം∙ ക്രിമിനൽ കേസുകളിൽ പ്രതിയും കോടതി ശിക്ഷിക്കുകയും ചെയ്ത സിപിഎം നേതാവിനെ ബാലാവകാശ കമ്മിഷൻ അംഗമായി നിയമിക്കാൻ മന്ത്രി കെ.കെ. ശൈലജ അധികാരദുർവിനിയോഗം നടത്തിയെന്നു കണ്ടെത്തിയ ഹൈക്കോടതി മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ഉന്നയിച്ചു. 

നിയമനത്തിൽ മന്ത്രി ശൈലജയുടെ തെറ്റായ ഇടപെടലുകൾ വിധിയുടെ ആദ്യവസാനം അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഭരണഘടനാപരമായ വിശ്വാസ്യത നഷ്ടമാക്കിയാണു മന്ത്രി പ്രവർത്തിച്ചത്. മനുഷ്യാവകാശലംഘനക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ച വയനാട്ടിലെ സിപിഎം നേതാവ് ടി.ബി.സുരേഷിനെ കമ്മിഷനിൽ നിയമിക്കാൻ മന്ത്രി ഉൾപ്പെടെ എടുത്ത തീരുമാനം അംഗീകരിക്കാനാവില്ല. ബാലാവകാശ കമ്മിഷൻ പോലുള്ള സുപ്രധാന സമിതികളിൽ അംഗങ്ങളെ നിയമിക്കുമ്പോൾ അതീവജാഗ്രത പുലർത്തണമെന്നു സുപ്രീംകോടതി പല വിധികളിലും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി ഉൾപ്പെട്ട നിയമനസമിതി ഇതൊന്നും പാലിച്ചില്ല.

കമ്മിഷനിൽ ആറ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ കഴിഞ്ഞ നവംബർ എട്ടിനു വിജ്ഞാപനം പുറപ്പെടുവിച്ചു. 30നു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്നും കാലാവധി നീട്ടില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി. 103 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 40 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി നിയമിക്കേണ്ട ആറുപേരെയും നിശ്ചയിച്ചു. ജനുവരി 10നു ഫയൽ വിളിപ്പിച്ച മന്ത്രി 20 വരെ അപേക്ഷിക്കാമെന്ന് എഴുതി. അപ്പോഴാണു ടി.ബി.സുരേഷ് അപേക്ഷിക്കുന്നത്.

അപേക്ഷാതീയതി നീട്ടിയപ്പോൾ അതിന്റെ കാരണം മന്ത്രി ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ നിന്നു സുരേഷിനെ നിയമിക്കാൻ മാത്രമാണു മന്ത്രി ഇടപെട്ടതെന്നു വ്യക്തമെന്നാണു കോടതിയുടെ കണ്ടെത്തൽ.

ഇതിനിടെ ഹൈക്കോടതിയിൽനിന്നു സ്റ്റേ വന്നെങ്കിലും നിയമന നടപടികളുമായി മന്ത്രി മുന്നോട്ടുപോയി. സ്റ്റേ നൽകിയതിനെതിരെ സർക്കാർ മൂന്ന് എതിർസത്യവാങ്മൂലം സമർപ്പിച്ചുവെങ്കിലും വസ്തുതകൾക്കു നിരക്കാത്ത വാദങ്ങളാണ് ഉന്നയിച്ചതെന്നും കോടതി നിരീക്ഷിച്ചു. മന്ത്രികൂടി പങ്കെടുത്ത ഇന്റർവ്യൂ ബോർഡാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ബാലാവകാശനിയമത്തിൽ പിഎച്ച്ഡി നേടിയ ജാസ്മിൻ അലക്സിനു 95 മാർക്ക് നൽകിയ ഇന്റർവ്യൂ ബോർഡ് സുരേഷിന് 210 മാർക്കാണു നൽകിയത്.

ഡിജിപി സർക്കാരിനു നൽകിയ റിപ്പോർട്ടിൽ 12 ക്രിമിനൽ കേസുകളിൽ സുരേഷ് പ്രതിയാണെന്നു പറഞ്ഞിട്ടുണ്ട്. വിധിയിൽ ഇക്കാര്യം കൂടി വിശദീകരിച്ചുകൊണ്ടാണ്, സുരേഷിന്റെയും ശ്യാമളാ ദേവിയുടെയും നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കിയത്.