പാതയോര മദ്യശാലകൾ തുറക്കാം; എല്ലാ തടസ്സങ്ങളും നീങ്ങി: മന്ത്രിസഭാ തീരുമാനം പിൻവലിക്കും

തിരുവനന്തപുരം∙ ദേശീയ, സംസ്ഥാന പാതകൾ കടന്നുപോകുന്ന കോർപറേഷൻ, മുനിസിപ്പിലാറ്റി പ്രദേശങ്ങളിൽ മദ്യശാലകൾ തുറക്കുന്നതിന് എല്ലാ തടസ്സങ്ങളും നീങ്ങി. ഇക്കാര്യത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയ സാഹചര്യത്തിൽ പ്രത്യേക തീരുമാനമില്ലാതെ തന്നെ രണ്ടു പ്രദേശങ്ങളിലെയും മദ്യശാലകൾ തുറക്കാം.

മദ്യശാലകൾ തുറക്കുന്നതിനുവേണ്ടി കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ സംസ്ഥാന പാതകളെ തരംതാഴ്ത്തി വിജ്ഞാപനം ഇറക്കാൻ സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ദേശീയപാതയുടെ കാര്യത്തിൽ നിലപാട് സ്വീകരിച്ചതുമില്ല. സുപ്രീം കോടതിയുടെ പുതിയ നിലപാടോടെ മന്ത്രിസഭാ തീരുമാനം പിൻവലിക്കും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ നിരോധിച്ചു സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

ഈ നിയന്ത്രണം മറികടക്കുന്നതിനുവേണ്ടി ചണ്ഡീഗഡ് ഭരണകൂടം പാതകളുടെ പദവി തരംതാഴ്ത്തി. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ മുനിസിപ്പിലാറ്റി, കോർപറേഷൻ ഭാഗങ്ങളിലെ മദ്യശാലകൾക്കു തടസ്സമില്ലെന്നു കോടതി വിധിച്ചു. എന്നാൽ, അതിനു പ്രത്യേക വിജ്ഞാപനം വേണോ, ദേശീയപാതയുടെ കാര്യത്തിൽ എന്തു തീരുമാനം എടുക്കും എന്നൊക്കെയുള്ള സംശയങ്ങൾ ഉയർന്നു. തുടർന്നാണു മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിൽ മദ്യവിൽപന നിരോധിച്ചിട്ടില്ലെന്നു കോടതി വ്യക്തതവരുത്തിയത്.

∙ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അഡ്വക്കറ്റ് ജനറലിനോടു സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. വിധിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് എജി ഉടൻ സർക്കാരിനു കൈമാറും. പിന്നാലെ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ മദ്യശാലാ ഉടമകൾക്കു ലൈസൻസിന് അപേക്ഷിക്കാം.

∙ ദേശീയപാതകൾ കടന്നുപോകുന്ന മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലെ തുറക്കാവുന്ന മദ്യശാലകൾ (എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിൽ നിന്ന്). ബീയർ–വൈൻ പാർലറുകൾ–147 (ബാർ ലൈസൻസ് ലഭിക്കുന്നതിനുള്ള ത്രീസ്റ്റാറും അതിനുമുകളിലും പദവിയുള്ളവ–85). കള്ളുഷാപ്പുകൾ–72. മദ്യവിൽ‌പനശാലകൾ–15. ക്ലബ്ബുകൾ–നാല്.