മെഡിക്കൽ കോഴ: വീണ്ടും മൊഴിമാറ്റി കുമ്മനവും പരാതിക്കാരൻ ഷാജിയും

തിരുവനന്തപുരം∙ മെഡിക്കൽ കോഴ വിവാദത്തിൽ, ലോകായുക്​തയ്ക്കു മുന്നിൽ ബിജെപി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പരാതിക്കാരനായ എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ.ഷാജിയും മലക്കം മറിഞ്ഞു. ബിജെപി നേതാക്കൾ കോഴ വാങ്ങിയതായി ഒരു പരാതിയും താൻ നൽകിയിട്ടില്ലെന്നു ഷാജിയും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം പരിശോധിക്കാൻ മാത്രമേ നിർദേശിച്ചിരുന്നുള്ളൂവെന്നു കുമ്മനവും മൊഴി നൽകി.

നേരത്തേ വിജിലൻസിനു നൽകിയതിൽ നിന്നു വ്യത്യസ്തമാണ് ഈ മൊഴികൾ. പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ലെന്നു കുമ്മനം ലോകായുക്ത മുൻപാകെയും ആവർത്തിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്​ഥാനത്തിൽ, പാർട്ടിയിലെ രണ്ടംഗങ്ങളോട്​ ഇതു സംബന്ധിച്ചു​ പരിശോധിക്കാൻ നിർദേശിച്ചിരുന്നുവെന്ന് മുൻപ് പറഞ്ഞ കുമ്മനം, വർക്കല എസ്ആർ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വിവാദങ്ങൾ മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നു ലോകായുക്​ത മുൻപാകെ പറഞ്ഞു.

അന്വേഷിക്കാനായി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീശനെയും എ.കെ.നസീറിനെയും ചുമതലപ്പെടുത്തി. അവരുടെ കണ്ടെത്തൽ ഓഫിസ് സെക്രട്ടറിയെ അറിയിച്ചു. പാർട്ടിയുമായി സംഭവത്തിനു ബന്ധമില്ലെന്ന് ഓഫിസ് സെക്രട്ടറി അറിയിച്ചു. അതിനാൽ, കൂടുതൽ അന്വേഷണം നടത്തിയില്ലെന്നു കുമ്മനം പറഞ്ഞു​.

റിപ്പോർട്ട് കണ്ടിരുന്നോയെന്നു ലോകായുക്ത ചോദിച്ചപ്പോൾ, സമൻസിനൊപ്പം ഇതിന്റെ പകർപ്പ് ലഭിച്ചതു കണ്ടുവെന്നായിരുന്നു മറുപടി. കുമ്മനം രാജശേഖരന് ഒരു പരാതിയും നൽകിയിട്ടില്ലെന്നാണു കോളജ് ഉടമ ആർ.ഷാജി മൊഴി നൽകിയത്​. വിജിലൻസിനു നൽകിയ മൊഴിയിൽ മാറ്റം വരുത്തിയായിരുന്നു ഷാജിയുടെ മൊഴി.

ബിജെപി നേതാക്കൾക്കെതിരെ ഒരു പരാതിയും താൻ നൽകിയിട്ടില്ല. ഒരു ഹോട്ടലിലേക്കു രണ്ടു ബിജെപി നേതാക്കൾ വിളിപ്പിച്ചു. തനിക്ക് ഒരു പരാതിയുമില്ലെന്ന് അവരോടു പറഞ്ഞു. താൻ ഒരു മൊഴിയും ഒപ്പിട്ടു​ നൽകിയിട്ടില്ലെന്നും ഷാജി പറഞ്ഞു. കോളജിന്റെ അഫിലിയേഷനായി 5.60 കോടി രൂപയുടെ ഇടപാട് നടന്നുവെന്നായിരുന്നു ബിജെപി അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. പക്ഷേ, കോഴ നൽകിയിട്ടില്ലെന്നും കൺസൽറ്റൻസിക്ക്​ കൈമാറാൻ 25 ലക്ഷം രൂപ ബി‌ജെപി സഹകരണ സെൽ കൺവീനർ വിനോദിനു നൽകി എന്നുമായിരുന്നു വിജിലൻസിനു ഷാജി നൽകിയ മൊഴി.

ഇക്കാര്യമാണു വിനോദും ഇടനിലക്കാരനായി പ്രവർത്തിച്ചതായി ആരോപിക്കുന്ന സതീഷ്​ നായരും വിജിലൻസിനോടു പറഞ്ഞത്. കെ.പി.ശ്രീശനും എ.കെ.നസീറിനും ലോകായുക്ത നോട്ടിസ് അയച്ചു.