ബാർ: ഗവ. നിലപാടിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന്

തിരുവനന്തപുരം∙ വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവയിൽനിന്നു ബാറുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചതിലും ദേശീയ–സംസ്ഥാന പാതകളുടെ പദവി താഴ്ത്തി കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയതിലും പ്രതിഷേധിച്ചു കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ.

11നു സെക്രട്ടേറിയറ്റിനു മുന്നിലും ഡിസിസികളുടെ നേതൃത്വത്തിൽ കലക്ടറേറ്റുകൾക്കു മുന്നിലും ധർണ നടത്തും. വിനോദസഞ്ചാരികൾക്കു വേണ്ടിയാണു ദൂരപരിധി കുറയ്ക്കുന്നതെന്ന മന്ത്രി ടി.പി.രാമകൃഷ്ണന്റെ ന്യായീകരണം അടിസ്ഥാനരഹിതമാണ്. മദ്യവ്യവസായികളെ സഹായിക്കാനാണു നയം തിരുത്തിയത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അസാധാരണ ശിൽപഭംഗിയുള്ള ആരാധനാലയങ്ങൾക്കുള്ളിലും ബാറുകൾ ആരംഭിക്കുമോ? സർക്കാർ ബാർ അറ്റാച്ച്ഡ് സ്കൂളുകൾ ആരംഭിച്ചാലും അദ്ഭുതപ്പെടേണ്ടതില്ലെന്നും ഹസൻ പറഞ്ഞു.

14നു ചേരുന്ന യുഡിഎഫ് യോഗം വിശദമായ സമരപരിപാടികൾ തീരുമാനിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഓരോ ദിവസവും ഓരോ ഉത്തരവുകളിറക്കി സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ നോക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മദ്യലോബി പണമൊഴുക്കി സഹായിച്ചതിന്റെ പ്രത്യുപകാരമാണ്. ടൂസ്റ്റാർ ബാറുകൾക്കും അനുമതി നൽകാൻ പോവുകയാണെന്നു സംസാരമുണ്ട്. ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും രമേശ് പറഞ്ഞു.