Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന ലോറിയിൽനിന്നു ചാടി ചതുപ്പിൽ വീണ സംഭവം: 13ന് അകം അന്വേഷണ റിപ്പോർട്ട് തേടി ദേവസ്വം ബോർഡ്

ആലപ്പുഴ ∙ ലോറിയിൽ കൊണ്ടു പോകുന്നതിനിടയിൽ ആന ഇടഞ്ഞോടി ചതുപ്പിൽ കുടുങ്ങിയ സംഭവത്തിൽ ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം നൽകി. 13 നു മുൻപു റിപ്പോർട്ട് നൽകാനാണു നിർദേശം. 

ആനയെ ലോറിയിൽ കൊണ്ടുപോയതിൽ ജീവനക്കാരുടെ ഭാഗത്തു വീഴ്ചയുണ്ടായോ എന്നു പരിശോധിച്ചു തുടർനടപടിയെടുക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ആന ഇടഞ്ഞോടിയതിനെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ചും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തകർന്ന രണ്ടു വീടുകൾക്കുണ്ടായ നഷ്ടവും പരിശോധിക്കും. 13 നു നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും. അതുവരെ താമസിക്കാൻ സൗകര്യമില്ലാത്തവർക്കു വാടകവീട് സൗകര്യപ്പെടുത്തി നൽകാൻ തുറവൂർ പഞ്ചായത്ത് പ്രസിഡന്റിനോടു ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടഞ്ഞോടിയ ആന മുല്ലയ്ക്കൽ ബാലകൃഷ്ണന്റെ കാലിലെ നീർക്കെട്ടിനു ശമനമുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. വളമംഗലം വടക്കാണ് ആനയെ ബന്ധിച്ചിരിക്കുന്നത്. പൂർണ ആരോഗ്യം വീണ്ടെടുത്തതായി ഡോക്ടർമാർ ഉറപ്പു വരുത്തുന്നതുവരെ മുല്ലയ്ക്കൽ ബാലകൃഷ്ണനെ ഉത്സവങ്ങൾ ഉൾപ്പെടെ പരിപാടികളിലൊന്നും പങ്കെടുപ്പിക്കാൻ പാടില്ലെന്നു ദേവസ്വം ബോർഡ് നിർദേശിച്ചിട്ടുണ്ട്.