വേങ്ങരയിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ വിധിയെഴുത്താകുമെന്നു ചെന്നിത്തല

തിരുവനന്തപുരം∙ വേങ്ങര ഉപതിരഞ്ഞെടുപ്പ് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പ്രവർ‍ത്തനങ്ങളുടെ വിലയിരുത്തലാകുമെന്നു യുഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിലും കൂടുതൽ ഭൂരിപക്ഷം കിട്ടുന്ന തരത്തിലുള്ള പ്രവർത്തനമാകും അവിടെ നടക്കുകയെന്നു യുഡിഎഫ് നേതൃയോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വേങ്ങരയിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥിയെ 19 നോ, 20 നോ പ്രഖ്യാപിക്കും.

20 നു നിയോജകമണ്ഡലം കൺവൻഷനും 22 നു പഞ്ചായത്ത് തല കൺവൻഷനുകളും 23 നു ബൂത്ത്‍തല കൺവൻഷനുകളും നടത്താൻ യുഡിഎഫ് യോഗം തീരുമാനിച്ചു. 20 നു രാവിലെ യുഡിഎഫ് ജില്ലാ നേതൃയോഗം മലപ്പുറം ഡിസിസി ഓഫിസിൽ ചേരും. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെയും കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെയും തെറ്റായ നടപടികൾക്കെതിരായുള്ള വിധിയെഴുത്തിനാണു വേങ്ങര ഒരുങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.