ഫാ. ടോം ഉഴുന്നാലിൽ ഇന്നു ജന്മനാട്ടിൽ; വരവേൽക്കാൻ പാലായും രാമപുരവും ഒരുങ്ങി

പാലാ∙ പ്രാർഥനയോടെ കാത്തിരുന്ന നാടിന്റെ സ്നേഹത്തിലേക്കു ഫാ. ടോം ഉഴുന്നാലിൽ ഇന്നെത്തും. പരീക്ഷണ കാലഘട്ടത്തിലെ വേദനകളെയും ദുരിതങ്ങളെയും അതിജീവിച്ചെത്തുന്ന പ്രിയ ടോമച്ചനെ ഹൃദയപൂർവം സ്വീകരിക്കാൻ പാലായും രാമപുരവും ഒരുങ്ങി.

ഇന്നു രാവിലെ ഏഴിനു നെടുമ്പാശേരി വിമാനത്താവളത്തിൽ ഫാ. ടോമിനെ മാതൃരൂപതയ്ക്കു വേണ്ടി പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സ്വീകരിക്കും. തുടർന്നു സഹായ മെത്രാനൊപ്പം വൈകിട്ടു നാലിനു ഫാ. ടോം പാലാ ബിഷപ്സ് ഹൗസിലെത്തും. ഇവിടെ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ ഉൾപ്പെടെയുള്ളവർ ചേർന്നു സ്വീകരിക്കും.

ബിഷപ്സ് ഹൗസിലെ ചാപ്പലിൽ പ്രാർഥനയ്ക്കുശേഷം ഫാ. ടോം ജന്മനാടായ രാമപുരത്തേക്കു പോകും. വൈകിട്ട് 5.15നു രാമപുരം കവലയിൽ സ്വീകരണം. 5.30നു സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഫാ. ടോമിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി. 6.45നു പാരിഷ് ഹാളിൽ സമ്മേളനം. എട്ടരയോടെ രാമപുരത്തെ സ്വന്തം വീട്ടിലെത്തുന്ന ഫാ. ടോം രാത്രി അവിടെ വിശ്രമിക്കും.

മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി 2014 സെപ്റ്റംബർ ആറിനായിരുന്നു ഫാ. ടോം ഇതിനുമുമ്പു ജന്മനാട്ടിലെത്തിയത്.