ഭൂമിയിടപാടുകാരന്റെ വധം: മുഖ്യപ്രത‍ി ജോണിയും കൂട്ടാളിയും അറസ്റ്റിൽ

ചാലക്കുടി പരിയാരത്ത് ഭൂമിയിടപാടുകാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ജോണി, രഞ്ജിത്

ചാലക്കുടി ∙ ഭൂമിയിടപാടുകാരൻ രാജീവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയെയും കൂട്ടാളിയെയും പൊലീസ് പിടികൂടി. കൊല്ലാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയ മുഖ്യപ്രതി അങ്കമാലി ചെറുമഠത്തിൽ ജോണി (ചക്കര ജോണി – 53), കൂട്ടാളി വാപ്പാലശേരി പൈനാടത്ത് രഞ്ജിത് (36) എന്നിവരെയാണ് വടക്കഞ്ചേരി മംഗലം ഡാം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർക്കു രക്ഷപ്പെടാൻ സ്വന്തം കാർ വിട്ടുനൽകിയ ആലപ്പുഴ സ്വദേശി സുധൻ, ഒളിവിൽ കഴിഞ്ഞ എസ്റ്റേറ്റിന്റെ കാവൽക്കാരൻ എളനാട് അമലൂർ ജോർജ് (60) എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളുടെ പേരിൽ പൊലീസ് തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി.ഉദയഭാനുവിന്റെ പങ്ക് പരാമർശിക്കുന്നുണ്ടെന്നാണ് സൂചന. ഉദയഭാനുവിന്റെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നു നേരത്തെ റൂറൽ പൊലീസ് മേധ‍ാവി യതീഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു. ഉദയഭാനുവും സംഘവും ഭീഷണിപ്പെടുത്തുന്നുവെന്നു രാജീവ് നേരത്തെ പൊലീസിനു പരാതി നൽകിയിരുന്നു.

രാജീവിനെക്കൊണ്ടു ബലപ്രയോഗത്തിലൂടെ ഒപ്പുവയ്പ്പിക്കാൻ ജോണിയും സഹായികളും ക്വട്ടേഷൻ സംഘത്തിനു നൽകിയ മുദ്രപത്രം പൊലീസ് കണ്ടെടുത്തു. ഇതു തയാറാക്കാൻ നിയമ വിദഗ്ധരുടെ സഹായമുണ്ടായിരുന്നോ എന്നന്വേഷിക്കുന്നുണ്ട്. ഭൂമിയിടപാടുകാരനായ അങ്കമാലി നായത്തോട് വേലൻപറമ്പിൽ രാജീവ‍ിനെ (46) ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഇരുവരും മൂന്നുദിവസമായി മുങ്ങിനടക്കുകയായിരുന്നു.

മൂന്നു രാജ്യങ്ങളിലെ വീസ കൈവശമുള്ള ജോണി, കോയമ്പത്തൂർ വിമാനത്താവളം വഴി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആദ്യ സൂചന. ഭൂമിയിടപാടുകാരനായ സുധന്റെ കാറിൽ ഇരുവരും വടക്കഞ്ചേരിയിലെത്തി. ഇവിടെ ജോണിക്കു കൂടി പങ്കാളിത്തമുള്ള കിഴക്കഞ്ചേരി കൊന്നയ്ക്കൽകടവിലെ എസ്റ്റേറ്റിൽ ഒളിവിൽ കഴിഞ്ഞാണ് കോയമ്പത്തൂർവഴി വിദേശത്തേക്കു കടക്കാൻ നീക്കം നടത്തിയത്. ഇവർ പാലക്കാട്ടുണ്ടെന്നു സൂചന കിട്ടിയതായി നേരത്തെ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

കൊല നടന്നശേഷം ജോണിയും കൂട്ടാളിയും കാലടിയിലേക്കാണു പോയത്. അവിടെനിന്നാണു പാലക്കാട്ടേക്കു പോയത്. സുധന്റെ കാറിലാണ് ജോണിയും രഞ്ജിത്തും രക്ഷപ്പെട്ടതെന്നു തിരിച്ചറിഞ്ഞ പൊലീസ്, കാറിന്റെ അടയാളങ്ങൾ സഹിതം എല്ലാ സ്റ്റേഷനുകളിലേക്കും വിവരം നൽകി. നെന്മാറ പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഈ കാർ തിരിച്ചറിഞ്ഞതാണ് നിർണായകമായത്. ജോണിയുടെ ഫോൺ സിഗ്നൽ പിന്തുടർന്ന പൊലീസ് വടക്കഞ്ചേരിയിലെ എസ്റ്റേറ്റ് വളഞ്ഞ് ഇരുവരെയും പിടികൂടി. വെള്ളിയാഴ്ചയാണ് രാജീവിനെ പരിയാരം തവളപ്പാറയിലെ എസ്ഡി കോൺവന്റിന്റെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ജോണിയുടെ ഭാര്യാസഹോദരൻ മുരിങ്ങൂർ ആറ്റപ്പാടം ചാമക്കാല ഷൈജു, കോനൂർ സ്നേഹനഗർ പാലക്കാടൻ സത്യൻ, വെസ്റ്റ് ചാലക്കുടി മതിൽകൂട്ടം സുനിൽ, ആറ്റപ്പാടം വെളത്തുപറമ്പിൽ രാജൻ എന്നിവരടങ്ങിയ ക്വട്ടേഷൻ സംഘാംഗങ്ങളെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. രാജീവിൽനിന്നു പണം തിരിച്ചുവാങ്ങാനായി വീട് വാടകയ്ക്ക് എടുത്തു സംഘം ഇവിടെ തമ്പടിക്കുകയായിരുന്നു. ജോണിയാണു വീട് വാടകയ്ക്ക് എടുത്തത്.

ഇതിനുശേഷം ക്വട്ടേഷൻ സംഘത്തെ അവിടേക്കു കൊണ്ടുവരികയായിരുന്നു. അവസാനഘട്ട ആസൂത്രണം നടന്നത് ഈ വീട്ടിലാണെന്നാണു വിവരം. മർദനമേറ്റുവെന്ന വിവരം പൊലീസിനെ ആദ്യം അറിയിക്കുന്നത് ആരോപണവിധേയനായ കൊച്ചിയിലെ അഭിഭാഷകനാണ്. എന്നാൽ, ഇതു പറയുമ്പോൾത്തന്നെ രാജീവ് കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം മറച്ചുവച്ചു പൊലീസിനെ വിവരമറിയിച്ചതാണോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.

റിമാൻഡ് റിപ്പോർട്ടിൽ ഉദയഭാനുവിന്റെ പേരും

രാജീവ് വധക്കേസിൽ പൊലീസ് തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ അഭിഭാഷകൻ സി.പി.ഉദയഭാനുവിന്റെ പേരും. രാജീവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഉദയഭാനുവിന്റെ പങ്കിലേക്കു നേരിട്ടു വെളിച്ചം വീശുന്നതാണ് റിമാൻഡ് റിപ്പോർട്ടിലെ പരാമർശങ്ങൾ.

റിപ്പോർട്ടിൽ പറയുന്നതിങ്ങനെ (പ്രസക്തഭാഗം മാത്രം): ‘റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന രാജീവിനെ തവളപ്പാറയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്കു ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത് അഡ്വ. സി.പി.ഉദയഭാനുവിനും കൂടി വേണ്ടിയായിരുന്നുവെന്നു ചക്കര ജോണി, രഞ്ജിത് പൈനാടത്ത് എന്നിവരുടെ മൊഴിയ‍ിൽ പറയുന്നു.’ ഉദയഭാനു, ചക്കര ജോണി എന്നിവരുമ‍ായുള്ള ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിന്റെ പേരിൽ രാജീവിനെ തട്ട‍ിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പ്രതികളുടെ മൊഴി.

പിടികൂടിയ ഉടൻ ജോണിയെയും രഞ്ജിത്തിനെയും പൊലീസ് ചോദ്യം ചെയ്തപ്പോൾ ഉദയഭാനുവിനെക്കുറിച്ച് ഒരക്ഷരം പോലും ഇവർ ഉരിയാടിയിരുന്നില്ല. മുൻകൂട്ടി പറഞ്ഞുപഠിപ്പിച്ചതു പോലെയായിരുന്നു മറുപടികൾ. പിന്നീട് ഫോൺസംഭാഷണ രേഖകളിൽ സംഭവദിവസം ഇവരുടെ ഫോണിൽനിന്ന് അഭിഭാഷകന്റെ ഫോണിലേക്കു പോയ വിളികളുടെ വിവരമടക്കം എല്ലാ തെളിവുകളും കാണിച്ചപ്പോൾ പ്രതികൾക്ക് ഉത്തരംമുട്ടി. ഇതിനുശേഷമാണ് അഭിഭാഷകന്റെ പങ്കു സംബന്ധിച്ച് ഇരുവരും മൊഴി നൽകിയത്. ഉദയഭാനുവിന്റെ പങ്കു സംബന്ധിച്ച മറ്റു തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഉന്നതർ ഇടപെടുന്ന ക്വട്ടേഷൻ ആക്രമണക്കേസുകളിൽ ഒടുവിലത്തേതാണ് രാജീവ് വധമെന്നു പൊലീസ് സംശയിക്കുന്നു. നടിയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ആക്രമിച്ച കേസിൽ സൂപ്പർതാരം ദിലീപ് ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്. തൃശൂരിൽ കാറിനു പിന്നിൽ ഹോണടിച്ചത് ഇഷ്ടപ്പെടാത്തതിന്റെ പേരിൽ എൻജിനീയറുടെ കൈ ഗുണ്ടകളെ ഉപയോഗിച്ചു തല്ലിയൊടിച്ച കേസിൽ അഭിഭാഷകനായ വി.ആർ.ജ്യോതിഷ് പ്രതിയായത് രണ്ടാഴ്ച മുൻപാണ്. ഏറ്റവുമൊടുവിൽ രാജീവ് വധത്തിലൂടെ അഡ്വ. സി.പി.ഉദയഭാനുവിന്റെ പേരും ഉയർന്നുവരുന്നു.