കൊലക്കേസിലെ എട്ടാം പ്രതി 15 വർഷത്തിനു ശേഷം പിടിയിൽ

തൃശൂർ∙ വാടാനപ്പള്ളി രാജീവ് വധക്കേസിലെ എട്ടാം പ്രതി 15 വർഷത്തിനുശേഷം ക്രൈം ബ്രാഞ്ച് സിഐഡി സംഘത്തിന്റെ പിടിയിലായി. ജം ഇയ്യത്തുൽ ഇസ്ഹാനിയ സംഘടനയുടെ ഭാരവാഹിയായ വാടാനപ്പള്ളി നാലകത്ത് പടുവിങ്കൽ യൂസഫ് അലി (51) ആണ് അറസ്റ്റിലായത്. കേസിൽ പ്രതിയായ ഉടൻ സൗദി അറേബ്യയിലേക്കു കടന്ന യൂസഫ് രഹസ്യമായി നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ സിഐഡി സംഘത്തിന്റെ പിടിയിലായി.

1995 ‍ഡിസംബർ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വാടാനപ്പള്ളി ചിലങ്ക ബീച്ചിൽ ചെമ്പകത്ത് രാജീവിനെ പതിനൊന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. മുംബൈ വിമാനത്താവളം വഴി രഹസ്യമായി മടങ്ങിയെത്താൻ പ്രതി ശ്രമിക്കുന്നതായി ക്രൈം ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു.

ഡിറ്റക്ടീവ് ഇൻസ്പെക്ടർ സി.കെ.അയ്യപ്പൻകുട്ടിയുടെ നേതൃത്വത്തിൽ എസ്ഐ കെ.പി.ഗോപിനാഥൻ, സീനിയർ സിപിഒ പി.കെ.ഹരി, കെ.വി.ജിജേഷ്, പി.എം.ഷാജി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. യൂസഫ് അടക്കം മൂന്നു പേരാണ് ഒളിവിൽ പോയത്. വിചാരണ നേരിട്ട പ്രതികളിൽ നാലു പേർക്ക് ഇരട്ട ജീവപര്യന്തവും മറ്റൊരാൾക്കു ജീവപര്യന്തവുമാണു ശിക്ഷ വിധിച്ചത്.