ഇതര സംസ്ഥാന തൊഴിലാളികൾ ഇനി പൊലീസിന്റെ ആപ്പിൽ

പാലക്കാട് ∙ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ പൊലീസിന്റെ ഇ–രേഖ മൊബൈൽ ആപ്ലിക്കേഷൻ തയാറായി. ക്രിമിനൽ പശ്‌ചാത്തലമുള്ളവരെ തിരിച്ചറിയാനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും ഉതകും. കേസിൽ ഉൾപ്പെട്ടവർ കേരളത്തിലെത്തി ജോലിചെയ്യുന്നുണ്ടെന്ന വിവരംകൂടി പരിഗണിച്ചാണ് ഇ–രേഖ തയാറാക്കുന്നത്. 

ഇതര സംസ്ഥാന തൊഴിലാളിക്കു താമസസൗകര്യം നൽകുന്നയാളോ തൊഴിലുടമയോ ഇവരുടെ പ്രാഥമിക വിവരം പൊലീസ് സ്‌റ്റേഷനിൽ നൽകണം. പൊലീസ് എത്തി വിവരങ്ങൾ ടാബ്‌ലെറ്റിൽ രേഖപ്പെടുത്തും. സ്വദേശത്തെ വിവരങ്ങൾ, വിരലടയാളങ്ങൾ, ഫോട്ടോ എന്നിവയാണു ശേഖരിക്കുക. വോട്ടർ കാർഡ്, ആധാർ എന്നിവയെ ആധാരമാക്കും. ഇ–രേഖ ആപ്ലിക്കേഷനിലും പൊലീസിന്റെ ഡേറ്റാ സർവറിലും വിവരങ്ങൾ ചേർക്കും. ശേഷം തൊഴിലാളിക്ക് ഇ–രേഖ നൽകും. 

ആപ്ലിക്കേഷൻ ഉപയോഗിച്ചു കാർഡിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ മുഴുവൻ വിവരങ്ങളും പൊലീസിനു മനസ്സിലാക്കാം. ജോലിസ്‌ഥലം മാറിയാലും കണ്ടെത്താനാകും. രണ്ടു മാസത്തിനുള്ളിൽ ജില്ലയിലെ മുഴുവൻ പേരുടെയും വിവരങ്ങൾ ഇ–രേഖയിൽ ചേർക്കും.