അരുണിനെ കൊലപ്പെടുത്തിയത് ആറുമാസത്തെ ആസൂത്രണത്തിനൊടുവിൽ

ഹൈദരാബാദില്‍ അരുൺ ജോർജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാവേലിക്കര സ്വദേശി ലാലുവിനെ മുഷീറാബാദ് പൊലീസ് ഇന്നലെ പത്രസമ്മേളനത്തിൽ ഹാജരാക്കിയപ്പോൾ. കറുത്ത ടീഷർട്ട് ധരിച്ചിരിക്കുന്നതാണു ലാലു.

ഹൈദരാബാദ്∙ തൊടുപുഴ സ്വദേശി അരുണിനെ കൊലപ്പെടുത്തിയതെന്നു ആറു മാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണു അറസ്റ്റിലായ ആർപിഎഫ് എഎസ്ഐ മാവേലിക്കര ലാലു ഭവൻ ടി.ലാലു സെബാസ്റ്റ്യന്റെ (41)മൊഴി. സിസിടിവി ദൃശ്യങ്ങളാണു കേസിൽ നിർണായക തെളിവായത്. പെരുമാറ്റത്തിലെ അസ്വാഭാവികതയും പ്രതിയെ കുടുക്കിയെന്നും മുഷീറാബാദ് പൊലീസ് പറഞ്ഞു.

തൊടുപുഴ കരിമണ്ണൂർ പന്നൂർ പറയന്നിലത്ത് പി.എസ്. ജോർജിന്റെ മകൻ അരുൺ പി. ജോർജിനെ (37)കൊലപ്പെടുത്തിയ കേസിൽ, ചൊവ്വാഴ്ച മുഷീറാബാദ് പൊലീസ് അറസ്റ്റു ചെയ്ത  ലാലുവിനെ റിമാൻഡു ചെയ്ത്  ചഞ്ചൽഗുഡയിലെ സെൻട്രൽ ജയിലിലേക്കു മാറ്റി. അരുണിന്റെ ഉറ്റ സുഹൃത്തായിരുന്നു ലാലുവെന്നു മുഷീറാബാദ് എസ്ഐ: ആർ. ബാലരാജു പറഞ്ഞു. ആർപിഎഫ് മൗലാലിയിലെ എഎസ്ഐയായിരുന്നു ലാലു.  മൽഖാഗിരിക്കു സമീപം അനന്തബാഗിൽ കുടുംബസമേതമാണു താമസിച്ചിരുന്നത്. സഹോദരിയുടെ മകളുമായുള്ള അരുണിന്റെ അടുത്ത ബന്ധത്തിന്റെ പേരിലാണു അരുണിനെ കൊലപ്പെടുത്തിയതെന്നു ലാലു സമ്മതിച്ചതായി എസ്ഐ അറിയിച്ചു.

 വെള്ളിയാഴ്ച രാത്രി എട്ടരയോടെ ലാലു, അരുണിന്റെ താമസസ്ഥലത്ത് എത്തി. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചു. ഇതിനിടെ സഹോദരിയുടെ മകളുമായുള്ള അടുപ്പത്തിന്റെ പേരിൽ ലാലു, അരുണിനെ ചോദ്യം ചെയ്തു. വാക്കുതർക്കത്തിനിടെ അരുണിന്റെ കരണത്തടിച്ച ശേഷം നെഞ്ചിലും മുഖത്തും ചവിട്ടി. തുടർന്ന് നിലത്തിട്ടു പല തവണ തൊഴിച്ചു.  ഇതിനു ശേഷം കത്തി കൊണ്ടു കഴുത്തിലും തലയിലും തുടരെ കുത്തിയെന്നു പൊലീസ് പറഞ്ഞു. അരുൺ ശുചിമുറിയിൽ വീണപ്പോൾ ലാലു,  ശരീരത്തിൽ കയറിയിരുന്ന ശേഷം കഴുത്തിൽ കൈ കൊണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മൊഴി. നിലത്തെ ചോരപ്പാടുകൾ കഴുകി വൃത്തിയാക്കിയ ശേഷം കത്തിയും അരുണിന്റെ  രണ്ടു മൊബൈൽ ഫോണുകളും സ്വർണമാലയും ലുങ്കിയും എടുത്തുമുറി പൂട്ടി,  വീട്ടിലേക്കു മടങ്ങുന്ന വഴി സ്വർണമാലയും കത്തിയും  വലിച്ചെറിഞ്ഞതായി പ്രതി പൊലീസിനോട് പറഞ്ഞു.

നിർണായകമായത്  ഹെൽമറ്റും മഴക്കോട്ടും

ഹെൽമറ്റും മഴക്കോട്ടും ധരിച്ചാണു ലാലു, അരുണിന്റെ താമസ സ്ഥലത്തെത്തിയത്. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. അരുണിന്റെ താമസ സ്ഥലത്തു നിന്നും ഹെൽമറ്റും മഴക്കോട്ടും കണ്ടെത്തിയതും കേസന്വേഷണത്തിൽ നിർണായകമായി. സംഭവത്തിനു ശേഷം ലാലുവിനെ അരുണിന്റെ താമസ സ്ഥലത്തും, പോസ്റ്റുമോർട്ടം നടന്ന ഗാന്ധി മെഡിക്കൽ കോളജ് പരിസരത്തും കണ്ടിരുന്നു.അസാധാരണമായ പെരുമാറ്റത്തിൽ സ്ഥലത്തു മഫ്ടിയിലുണ്ടായിരുന്ന പൊലീസിനു സംശയം തോന്നി. ഇതേ തുടർന്നാണു ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നത്. അരുണിന്റെ താമസ സ്ഥലത്ത് ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ശബ്ദം കേട്ടിരുന്നുവെന്നും, അഞ്ചു മണിയോടെ ഒരാൾ പടവുകളിറങ്ങിപ്പോകുന്ന ശബ്ദം കേട്ടുവെന്നും കെട്ടിട ഉടമ പൊലീസിന് മൊഴി നൽകിയിരുന്നു.

മദ്യപിക്കുന്നതിനിടെ വാക്കു തർക്കത്തിനൊടുവിൽ അരുൺ ചുമരിൽ തലയിടിച്ചു വീണന്നും, രക്തം വന്നപ്പോൾ ആശുപത്രിയിലേക്കു കൊണ്ടു പോകാൻ നിർബന്ധിച്ചെന്നും ചോദ്യം ചെയ്യലിനിടെ ലാലു, പൊലീസിനോടു പറഞ്ഞിരുന്നു. ആശുപത്രിയിൽ  പോകാമെന്ന നിർദ്ദേശം അരുൺ എതിർക്കുകയും കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നും ഇതിനിടെ കത്തി തെറിച്ചു കഴുത്തിൽ കൊള്ളുകയായിരുന്നുവെന്നും ലാലു പൊലീസിനോടു ആദ്യം പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ  കുറ്റം സമ്മതിക്കുകയായിരുന്നു.  സെൻട്രൽ സോൺ ഡപ്യൂട്ടി കമ്മിഷണർ ജോയൽ ഡേവിസ്, അസി. കമ്മിഷണർ ഡെ.കമ്മിഷണർ ജെ. നർസയ്യ, മുഷീറാബാദ് എസ്ഐമാരായ എസ്. രാമചന്ദ്രറെഡ്ഡി, ബി. രവികുമാർ റെഡ്ഡി, ആർ. ബാലരാജു എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിച്ചത്.