കുണ്ടളയി‍ൽ വീണ്ടും കാട്ടാനക്കുട്ടി ചരിഞ്ഞു

ഇടുക്കി കുണ്ടള സാൻഡോസ് കോളനിയിൽ ചരിഞ്ഞനിലയിൽ കണ്ടെത്തിയ കാട്ടാനയുടെ സമീപം നിലയുറപ്പിച്ച ആനകൾ.

മൂന്നാർ ∙ കുണ്ടള സാൻഡോസ് ആദിവാസി സെറ്റിൽമെന്റിനു സമീപത്തെ വഴിയിൽ രണ്ടു വയസ്സ് വരുന്ന കുട്ടിക്കൊമ്പന്റെ ജഡം കണ്ടെത്തി. ഒരാഴ്ച മുൻപും ഇവിടെ ഒരു കുട്ടിക്കൊമ്പൻ ചരിഞ്ഞിരുന്നു.

ആദിവാസികളുടെ കൃഷിയിടത്തിനു സമീപമാണ് ജഡം കണ്ടത്. മൂന്നാർ അസി. ഫോറസ്റ്റ് കൺസർവേറ്റർ (എസിഎഫ്) ഹരിശ്ചന്ദ്രൻ, ദേവികുളം റേഞ്ചർ സി.ഒ. നിബു കിരൺ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. തേക്കടി ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അഹ്ദുൽ ഫത്താഹിന്റെ മേൽനോട്ടത്തിൽ പോസ്റ്റുമോർട്ടം നടത്തി ജഡം അവിടെത്തന്നെ ദഹിപ്പിച്ചു. 

ജഡത്തിൽനിന്ന് ആന്തരിക അവയവങ്ങൾ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കു തിരുവനന്തപുരം പാലോട് ചീഫ് വൈൽഡ് ലൈഫ് ഡിസീസ് ഇൻവെസ്റ്റിഗേറ്റിങ് ഓഫിസിലേക്കയച്ചു. വൈറസ് ബാധയാവാം മരണകാരണമെന്നു വിദഗ്ധർ പറയുന്നു. ഇതേപ്രായമുള്ള കുട്ടിയാനയാണ് ഇതിനു സമീപത്തുതന്നെ കഴിഞ്ഞയാഴ്ച ചരിഞ്ഞത്. ഇവ ഒന്നിച്ചാണ് മേഞ്ഞു നടന്നിരുന്നതെന്നും സാൻഡോസ് കോളനി നിവാസികൾ പറയുന്നു.