സഞ്ജയ് എം. കൗളിന് എക്സൈസ് കമ്മിഷണറുടെ താൽക്കാലിക ചുമതല

തിരുവനന്തപുരം∙ എക്സൈസ് കമ്മിഷണറുടെ താൽക്കാലിക ചുമതലയിലേക്കു മന്ത്രി നിർദേശിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ ഒഴിവാക്കി വ്യവസായ സെക്രട്ടറി സഞ്ജയ് എം.കൗളിനു ചുമതല നൽകി. എക്സൈസ് കമ്മിഷണറായിരുന്ന ഡിജിപി ഋഷിരാജ് സിങ് അടുത്ത മാസം 11നു മടങ്ങി എത്തുന്നതു വരെയാണു സഞ്ജയ് എം. കൗളിനു ചുമതല.

മകന്റെ വിവാഹത്തെ തുടർന്നാണു ഋഷിരാജ് സിങ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചത്. തുടർന്നു കമ്മിഷണറുടെ ചുമതല ബവ്റിജസ് കോർപറേഷൻ എംഡിയും ഡിഐജിയുമായ എച്ച്.വെങ്കിടേഷിനു നൽകാൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദേശിച്ചു. എന്നാൽ, എക്സൈസ് കമ്മിഷണർ സ്ഥാനം വർഷങ്ങളായി ഐഎഎസുകാരുടെ കൈവശമിരിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഐപിഎസ് ഉദ്യോഗസ്ഥനു നൽകുന്നതിനെ ഉന്നത ഉദ്യോഗസ്ഥർ എതിർത്തു.

ഏറെക്കാലത്തിനു ശേഷമാണു ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഈ സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എക്സൈസ് കമ്മിഷണറായിരുന്ന അനിൽ സേവ്യറിന്റെ പേര് ഉദ്യോഗസ്ഥർ നിർദേശിച്ചുവെങ്കിലും സർക്കാർ അനുകൂല നിലപാടു സ്വീകരിച്ചില്ല. തുടർന്നാണു സഞ്ജയ് എം.കൗളിനു ചുമതല നൽകിയത്.