മാപ്പു പറയണമെന്ന് ശിവരാമൻ; ഒരു ‘കോപ്പും’ പറയില്ലെന്ന് മണി

തൊടുപുഴ ∙ മന്ത്രി മണി മാപ്പു പറയണമെന്നു രാവിലെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. മാപ്പ് അല്ല, ഒരു കോപ്പും പറയില്ലെന്നു വൈകിട്ടു മണിയുടെ മറുപടി. കൂടുതലൊന്നും പറയാനില്ലെന്നു രാത്രി ശിവരാമന്റെ പ്രതികരണം. ജോയ്സ് ജോർജിന്റെ പട്ടയം റദ്ദാക്കാൻ സിപിഐ നേതാക്കൾ കോൺഗ്രസിൽനിന്നു പണം കൈപ്പറ്റിയോ എന്നു പറയണമെന്ന എം.എം.മണിയുടെ പ്രസ്താവനയാണു വിവാദമായത്.

സിപിഐ ജില്ലാ സെക്രട്ടറി ശിവരാമൻ‌ പറഞ്ഞത്:

മണി ആരോപണം തെളിയിക്കുകയോ പിൻവലിച്ചു പരസ്യമായി മാപ്പു പറയുകയോ ചെയ്തില്ലെങ്കിൽ ഇടുക്കി ജില്ലയിൽ സിപിഎമ്മുമായി യോജിച്ചുപോകാൻ കഴിയില്ല. മണി പേടിപ്പിച്ചാലൊന്നും സിപിഐ പേടിക്കില്ല. അതിനു കൂലിക്കു വേറെ ആളെ വിളിക്കേണ്ടി വരും. മണി ജന്മംകൊണ്ടും കർമംകൊണ്ടും കമ്യൂണിസ്റ്റ് വിരുദ്ധനാണ്. കയ്യേറ്റക്കാരുടെ മിശിഹയാണു മണി. വ്യാജ പട്ടയത്തിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള അങ്കപ്പുറപ്പാടാണു മണിയുടെ നെറികെട്ട ആരോപണത്തിനു പിന്നിൽ. സിപിഎം ആരിൽ നിന്നൊക്കെ പണം വാങ്ങിയെന്ന് അറിയാം. പേരു പറയാൻ നിർബന്ധിക്കരുത്. കാശു വാങ്ങി സിപിഐ ആർക്കും ഒന്നും ചെയ്തുകൊടുക്കാറില്ല. ജോയ്സ് ജോർജ് എംപി കയ്യേറ്റക്കാരനാണെന്നു സിപിഐ പറഞ്ഞിട്ടില്ല. പിതാവു ചെയ്ത കുറ്റത്തിനു മക്കളെ ശിക്ഷിക്കുന്നതു ശരിയല്ല.

എം.എം.മണിയുടെ പ്രതികരണം:

ശിവരാമൻ കാശു വാങ്ങിയെന്നു ഞാൻ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മാപ്പ് അല്ല, ഒരു കോപ്പും പറയില്ല. മാപ്പു പറയുന്ന പ്രശ്നമേ ഉദിക്കുന്നില്ല. കയ്യേറ്റക്കാരുടെ മിശിഹയാണെന്ന ആരോപണം ബഹുമതിയായി കാണുന്നു. എൽഡിഎഫിൽ ഒരുമിച്ചുപോകണോ വേണ്ടയോ എന്നു സിപിഐയ്ക്കു തീരുമാനിക്കാം. എൽഡിഎഫിൽനിന്നു പോയാൽ അവർക്കും ക്ഷീണമാകുമല്ലോ, അവരും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതല്ലേ? ഒന്നിച്ചു പോകണമെന്നില്ലെങ്കിൽ അവർ അക്കാര്യം നേരിട്ടു പറയട്ടെ.